പ്ലാൻ വരയ്ക്കുമ്പോൾത്തന്നെ പാലുകാച്ചലിനും തീയതി കുറിക്കാം! ഈ വീട് റെഡി, 28 ദിവസത്തിൽ!
Mail This Article
2040 നുള്ളിൽ ചന്ദ്രനിൽ വീട് നിർമിക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രനിൽ എങ്ങനെ വീട് പണിയുമെന്ന് തലപുകയ്ക്കുന്നവർക്കുള്ള ഉത്തരമാണ് ഭാവിയുടെ ടെക്‌നോളജിയായ ത്രീഡി പ്രിന്റിങ്. ത്രീഡി പ്രിന്റർ ചന്ദ്രനിലേക്ക് എത്തിച്ചതിനു ശേഷം കെട്ടിടം പണിയാനാണ് നാസയുടെ പദ്ധതി. കെട്ടിടനിർമാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാകും ഈ സാങ്കേതികവിദ്യ വഴിയൊരുക്കുക. ഭാവിയുടെ ഈ സാങ്കേതികവിദ്യ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു. കേരളത്തിൽ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ കെട്ടിടം തിരുവനന്തപുരം പിടിപി നഗറിലുള്ള കേരള സംസ്ഥാന നിർമിതികേന്ദ്രത്തിലാണുള്ളത്. ചെന്നൈ ഐഐടി, മുംബൈ എന്നിവിടങ്ങളിൽ ഇത്തരം കെട്ടിടങ്ങൾ നിർമിച്ച ‘ത്വസ്ഥ’ എന്ന സ്റ്റാർട്ടപ്പാണ് ഈ ഉദ്യമത്തിനുപിന്നിൽ. ഇതിനുപിന്നിൽ മലയാളികളാണ് എന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വയനാട് സ്വദേശി വി.എസ് ആദിത്യയാണ് ഇതിന്റെ സാരഥി. കൂടെ മലയാളിയായ പ്രവീൺ നായരുമുണ്ട്. ‘അമേസ് 28’ എന്നുപേരിട്ട ഈ കെട്ടിടത്തെക്കുറിച്ചും ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയെക്കുറിച്ചും ഇരുവരും സംസാരിക്കുന്നു.