നെറ്റിപ്പട്ടം വിറ്റ് തീവണ്ടി വാങ്ങിയ തമ്പുരാൻ! വൈസ്രോയിയെ വിളിച്ചത് മാന്യസുഹൃത്തേ; അങ്ങ് രാജർഷിയെന്ന് തിലകൻ
Mail This Article
വന്ദേഭാരത്, എക്സ്പ്രസ് ട്രെയിനുകൾ കുതിച്ചു പായുമ്പോൾ കൊച്ചി കേട്ട ആദ്യ ചൂളംവിളി 101 വയസ്സ് പിന്നിട്ടു. 1902 ജൂലൈ രണ്ടിന് ആദ്യ ചരക്കു വണ്ടിയും 16ന് യാത്ര വണ്ടിയും കൊച്ചിയിൽ എത്തി. ആദ്യ യാത്രികനായി കൊച്ചി മഹാരാജാവ് രാജർഷി രാമവർമയും. സൗത്ത്, നോർത്ത് റെയിൽവേയുടെ സ്റ്റേഷനുകൾ വരുന്നതിനു മുൻപ് കൊച്ചിക്കുണ്ടായിരുന്ന സ്റ്റേഷനിലാണ് ആദ്യമായി തീവണ്ടി കൂകിക്കിതച്ചെത്തിയത്. മദിരാശി സർക്കാരിന്റെ ഷൊർണൂർ റെയിൽ പാതയിൽ നിന്ന്, കൊച്ചിയിലേക്ക് തീവണ്ടി എത്തിക്കാൻ തന്റെ ആരാധന മൂർത്തിയുടെ 14 സ്വർണ നെറ്റിപ്പട്ടങ്ങൾ വിൽക്കേണ്ടി വന്ന രാജാവിന്റെ കഥ പുതുതലമുറയ്ക്ക് പരിചിതമാകണമെന്നില്ല. എറണാകുളം സൗത്ത് സ്റ്റേഷന്റെ പേര് മാറ്റി രാജർഷി രാമവർമയുടെ പേര് നൽകണമെന്ന കൊച്ചി നഗരസഭയുടെ നിർദേശത്തോടെ രാജർഷി രാമവർമ വീണ്ടും വാർത്തകളിൽ നിറയുകയാണ്. എറണാകുളം സുഭാഷ് പാർക്കിൽ വിദൂരത്തേക്കു കണ്ണു നട്ടിരിക്കുന്ന പ്രതിമയ്ക്കപ്പുറം അദ്ദേഹം കൊച്ചിക്ക് ആരായിരുന്നു എന്നറിയേണ്ടതുണ്ട്.