യാത്രയ്ക്ക് കൂട്ടെന്തിന്? ഉലകം ചുറ്റുന്ന ഉശിരൻ പെണ്ണുങ്ങൾ; ലോകത്തെ പേടിക്കേണ്ട; പോകാം സ്വാതന്ത്ര്യത്തിന്റെ സോളോ ട്രിപ്പ്
Mail This Article
ചോദിച്ചു വാങ്ങിയ ജനറൽ ഷിഫ്റ്റ് ഒരുവിധം തീർത്ത് ബാഗുമെടുത്ത് ആരോടും യാത്രപോലും പറയാതെ ഇറങ്ങിയോടിയ ഒരു വൈകുന്നേരം. രാത്രി എട്ടരയ്ക്കുള്ള ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ആലോചിച്ച് പ്ലാൻ ചെയ്ത് ബുക്ക് ചെയ്തു വച്ചിരിക്കുന്ന ടിക്കറ്റല്ല. എല്ലാ യാത്രകളിലും കൃത്യമായി ടിക്കറ്റ് ബുക്ക് ചെയ്ത് കയ്യിലെത്തിക്കുന്ന ഏജന്റിനോട് നാളെ മൂകാംബികയ്ക്ക് ഒരു ടിക്കറ്റ് കിട്ടുമോ എന്നല്ല, കിട്ടണം എന്ന് നിർബന്ധം പറഞ്ഞതാണ്. എന്തായാലും അദ്ദേഹം ടിക്കറ്റ് സംഘടിപ്പിച്ചു വച്ചതിനാൽ ഓഫിസിൽ നിന്നുള്ള ഓട്ടത്തിനിടയിൽ അത് വാങ്ങാനായി. ഇന്നത്തെപ്പോലെ സ്മാർട്ട്ഫോൺ കൊണ്ടു ജീവിക്കാനാകില്ല. പത്ത് പതിനഞ്ച് വർഷം മുമ്പാണ്. വാട്ട്സ് ആപ്പും ഗൂഗിൾ പേയുമൊന്നും ഫോണിലില്ല. റൂമിലെത്തി അത്യാവശ്യം ഡ്രസൊക്കെ എടുത്ത് എന്തോ കഴിച്ചെന്ന് വരുത്തി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തി. കാണുന്ന ആരോടെങ്കിലും ട്രെയിനിന്റെ സമയമോ പ്ലാറ്റ്ഫോമോ ചോദിക്കുന്ന പതിവില്ല. കൗണ്ടറിൽ അന്വേഷിച്ച് ട്രെയിൻ സമയത്ത് തന്നെയാണോ എന്നും പ്ലാറ്റ്ഫോം ഏതാണെന്നും മനസ്സിലാക്കിയതോടെ ആശ്വാസമായി. ഒരു സോളോ ട്രിപ്പിന്റെ ആദ്യഘട്ടമാണ് പറഞ്ഞുവരുന്നത്. എന്നിട്ടോ എന്ന് ചോദിച്ചാൽ ‘എന്നിട്ട് ആ രാജകുമാരനും രാജകുമാരിയും സുഖമായി ജീവിച്ചു’ എന്നു പറഞ്ഞു കഥ അവസാനിപ്പിക്കുന്നത് പോലെ ദേവിയെ തൊഴുത് കുടജാദ്രി കയറിയിറങ്ങി രണ്ട് ദിവസം കഴിഞ്ഞു സുഖമായി തിരിച്ചെത്തി എന്നു പറഞ്ഞ് തൽകാലം ഈ കഥയും അവസാനിപ്പിക്കാം. കാരണം അക്കാലത്ത് ആയിരങ്ങളിലൊരാൾ നടത്തുന്ന അത്തരം യാത്രകൾ ജീവിതത്തിന്റെ ഭാഗമാക്കിയ പെൺകുട്ടികൾ ഇപ്പോൾ ഒന്നോ രണ്ടോ ഒന്നുമല്ല. അതിലും ത്രസിപ്പിക്കുന്ന എത്രയോ കഥകളുണ്ട് അവർക്ക് പറയാൻ.