കട്ടിലിൽ കെട്ടിയിട്ട് ഷോക്ക്, സ്ത്രീകള്‍ക്കൊപ്പം ലൈംഗികരോഗം ബാധിച്ച പുരുഷന്മാർ: ഗർഭിണികളെ വിമാനത്തിൽനിന്നെറിഞ്ഞും ആ ‘പീഡനകാലം’
Mail This Article
‘ഞങ്ങളാരെയും വെറുതെ കൊന്നിട്ടില്ല. ഞങ്ങൾ കൊലപ്പെടുത്തിയത് ഭീകരവാദികളെയാണ്, ചിലെയെ ക്യൂബയാക്കി മാറ്റാൻ ശ്രമിച്ച മാർക്സിസ്റ്റുകളെയും ലെനിനിസ്റ്റുകളെയുമാണ്...’. ഒരു ടിവി അഭിമുഖത്തിൽ അഭിമാനത്തോടെ പറയുകയാണ് അയാൾ. ചിലെയുടെ മുൻ ഏകാധിപതി ജനറൽ അഗസ്റ്റോ പിനൊഷെയുടെ ഏറ്റവും ക്രൂരന്മാരായ അഞ്ച് ആജ്ഞാനുവർത്തികളിൽ ഒരാൾ. ബാക്കി നാലു പേരും ആ അഭിമുഖം കണ്ട് അഭിമാനംകൊണ്ടിരിക്കുന്നു. പക്ഷേ അവരെല്ലാവരും നിലവിൽ ജയിലിലാണെന്നു മാത്രം. അതിനെ ജയിലെന്നു വിളിക്കാനാകുമോ? ചിലെയിലെ ആൻഡീസ് പർവത നിരയുടെ താഴെയുള്ള ഒരു വമ്പൻ ആഡംബര വസതിയെന്നു വിളിക്കുന്നതാകും ഉചിതം. അത്രയേറെ സൗകര്യങ്ങളാണ് ആ അഞ്ചു പേർക്കും അവിടെ നൽകിയിരിക്കുന്നത്. മസാജ് ചെയ്യാനും കാലിലെ നഖം വെട്ടിക്കൊടുക്കാനും കുളിപ്പിക്കാനും വരെ പരിചാരകർ. പരിചാരകരല്ല, ആ ജയിലിൽ കാവലിന് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാരിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ ‘വീട്ടുവേലപ്പണി’ ചെയ്യുന്നത്. 800 വർഷത്തേക്കാണ് പിനൊഷോയുടെ മുതിർന്ന അഞ്ച് കമാഡർമാർക്കും കോടതി ജയിൽശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ചു പേർക്കും പക്ഷേ ആ ‘ശിക്ഷ’ സ്വിമ്മിങ് പൂളിലെ കുളിയും ആഡംബര ഭക്ഷണവുമൊക്കെയായി ഒരു ‘റിട്ടയർമെന്റ്’ ജീവിതം മാത്രമാണ്. ഇടയ്ക്കിടെ ജയിലിൽനിന്ന് വീട്ടിൽ പോയി ബന്ധുക്കളെയും കാണാം. ചിലെ സംവിധായകൻ ഫിലിപ്പെ കർമോണ തന്റെ ആദ്യ ചിത്രമായ ‘പ്രിസൺ ഇൻ ദി ആൻഡീസി’ലൂടെ പറയുന്നത് ഈ അഞ്ചു പേരുടെ ജീവിതമാണ്. അതിലൂടെ അദ്ദേഹം ഓർമപ്പെടുത്തുന്നതാകട്ടെ ചിലെയിലെ ജനം മറക്കാൻ ശ്രമിക്കുന്ന ഒരു കാലത്തെയും. പിനൊഷെയുടെ ഏകാധിപത്യത്തിന്റെ പൈശാചികമായ കാലം. ആരായിരുന്നു അഗസ്റ്റോ പിനൊഷെ? ‘പ്രിസൺ ഇൻ ദി ആൻഡീസ്’ യഥാർഥ കഥയാണോ പറഞ്ഞത്? എന്തുകൊണ്ടാണ് സമകാലിക ചിലെയിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ ചിത്രം ഏറെ പ്രസക്തമാകുന്നത്?