മറക്കില്ല, രത്തന് ടാറ്റയ്ക്കൊപ്പമുള്ള ആ നിമിഷങ്ങൾ; അടുത്തറിഞ്ഞപ്പോൾ തിളക്കമേറിയ ‘കോഹിനൂർ രത്നം’; ആഡംബരമില്ല, ലാളിത്യമേറെ...
Mail This Article
ഒരു നനഞ്ഞ പ്രഭാതത്തിലാണ് ആദ്യമായി ടാറ്റാ മോട്ടോഴ്സിന്റെ പുണെയിലെ ലേക് ഹൗസ് എന്ന ഗെസ്റ്റ് ഹൗസിലെത്തുന്നത്. ടെസ്റ്റ് ഡ്രൈവുമായി ബന്ധപ്പെട്ട യാത്രകളിലൊന്ന്. പൊതുവേ വരണ്ട സെപ്റ്റംബറിനെ അപ്രതീക്ഷിതമായി കുളിപ്പിച്ച മഴപോലെ തികച്ചും അപ്രതീക്ഷിതമായിരുന്നു ഗെസ്റ്റ് ഹൗസും അവിടുത്തെ ചുറ്റുപാടുകളും. ആഡംബരം തരിമ്പുമില്ല. വൃത്തിയിലും വെടിപ്പിലും ഒരു സർക്കാർ ഗെസ്റ്റ് ഹൗസ് സൂക്ഷിക്കുകയാണെങ്കിൽ അതുപോലെയുണ്ട്. അറുപതുകളിലെ ട്രാവലേഴ്സ് ബംഗ്ലാവുകളെയും ഇൻസ്പെക്‌ഷൻ ബംഗ്ലാവുകളെയും അനുസ്മരിപ്പിക്കുന്ന കെട്ടിടം. ചൂരൽ കസേരകളും സോഫകളും ബുക്ക് ഷെൽഫുകളുമടക്കം മധ്യവർഗ ലിവിങ് റൂമുകളേക്കാൾ ഒരു പടിമാത്രം മുകളിൽ നിൽക്കുന്ന ഫർണിഷിങ്. ലളിതമായി തൂവെള്ള യൂണിഫോമണിഞ്ഞ പരിചാരകവൃന്ദം. ഇവരെല്ലാം ചെയർമാൻ രത്തൻ ടാറ്റയുടെ സ്വകാര്യ സ്റ്റാഫിൽപ്പെട്ടവർ. എന്നാൽ ലാളിത്യത്തിന്റെ ഗാംഭീര്യവുമാണ് ലേക് ഹൗസ്. പുണെയിലെ ടാറ്റയുടെ പ്രധാന നിർമാണശാലയുടെ എതിരായി ഏക്കറുകൾ പടർന്നു കിടക്കുന്ന പ്രദേശം. നിറച്ചും പലതരം മരങ്ങൾ. മരത്തണലിൽ വളഞ്ഞു പുളയുന്ന ടാറിട്ട റോഡുകൾ. ഹെലിപാഡ്, കൃത്രിമ തടാകം, തടാകത്തിനു കരയിലാണ് ഒരു വശം മുഴുവൻ ഗ്ലാസ് പാനലുകളുള്ള ലേക് ഹൗസ്. ടാറ്റയുടെ വിഐപി അതിഥികളെ സ്വീകരിക്കാനും പ്രധാന യോഗങ്ങൾ നടത്താനും ഉപയോഗിക്കുന്ന ഈ ഗെസ്റ്റ് ഹൗസിൽനിന്നു നോക്കിയാൽ മരച്ഛായയിൽ നിൽക്കുന്ന തടാകത്തിന്റെ മനംമയക്കുന്ന കാഴ്ച. ഏതോ യൂറോപ്യൻ രാജ്യത്ത് ചെന്നുപെട്ടതു പോലെ. തടാകത്തിലേക്കു തുറക്കുന്ന ഇവിടുത്തെ ആറു ഗെസ്റ്റ് റൂമുകളിൽ ഒന്നാം നമ്പർ രത്തൻ ടാറ്റയുടേതാണ്.