‘ക്ഷമ’യുണ്ടെങ്കിൽ കയ്യിലെത്തും കോടികൾ; ഇങ്ങനെ നിക്ഷേപിച്ചു തുടങ്ങിയാൽ സ്വസ്ഥമായി വിരമിക്കാം; ഇൻഷുറൻസിലും വേണം ശ്രദ്ധ
Mail This Article
ഏതൊരു പാവപ്പെട്ടവനും അതിസമ്പന്നനാകാം. അതിസമ്പന്നനായി തന്നെ മരിക്കാം. ക്ഷമ വേണമെന്ന് മാത്രം; അച്ചടക്കവും. ജീവിതത്തിൽ ഇതുരണ്ടുമില്ലെങ്കിൽ ‘പാവപ്പെട്ടവനായി’ മരിക്കാനാകും വിധി! രൂപ വെങ്കട്കൃഷ്ണന്റെ വാക്കുകൾക്ക് കടുപ്പമുണ്ടാകാം. എന്നാൽ, അതാണ് സത്യമെന്ന് കാലം തെളിയിക്കുന്നു. നമ്മൾ ഒരു തൈ നട്ട്, അതുപിന്നെ ചെടിയായി, മരമായി നമുക്ക് കായും ഫലവുമൊക്കെ തരുന്നതുപോലെ. അങ്ങനെയെങ്കിൽ ആഗ്രഹിച്ചതുപോലെ സമ്പന്നനായി ജീവിക്കാം, മരിക്കാം. പ്രമുഖ മ്യൂച്വൽഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരായ സാപിയന്റ് വെൽത്തിന്റെ ഡയറക്ടറാണ് കേരളത്തിൽ വേരുകളുള്ള രൂപ വെങ്കട്കൃഷ്ണൻ. പാലക്കാട് നെന്മാറയിലാണ് കുടുംബവീട്. രൂപ വളർന്നതും പഠിച്ചതും അഹമ്മദാബാദിൽ. ഇപ്പോൾ ഭർത്താവിനൊപ്പം മുംബൈയിൽ താമസം. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) റജിസ്ട്രേഷനുള്ള മ്യൂച്വൽഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരാണ് സാപിയന്റ് വെൽത്ത്. ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) റജിസ്ട്രേഷനുള്ള നിക്ഷേപ ഉപദേഷ്ടാക്കളുമാണ് (ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ). കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായുള്ള തന്റെ പ്രവർത്തനത്തിലൂടെ ഇതിനകം ഒട്ടേറെ മിഡിൽ-ക്ലാസ് വ്യക്തികളെ അതിസമ്പന്നരാക്കാൻ (എച്ച്എൻഐ) രൂപ വെങ്കട്കൃഷ്ണന് സാധിച്ചു. ഓരോ വ്യക്തിയും ജീവിതത്തിൽ പുലർത്തേണ്ട സാമ്പത്തിക അച്ചടക്കം, നിക്ഷേപതത്വം എന്നിവയെക്കുറിച്ച് രൂപ വെങ്കട്കൃഷ്ണൻ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ മനസ്സുതുറക്കുന്നു.