‘മുലയൂട്ടാത്ത അമ്മമാർക്കു മുന്നിൽ അത് പറയരുത്; അശ്ലീലമല്ല, അവകാശമാണ് മുലപ്പാൽ’; 100 മില്ലിക്ക് കൊള്ളവില; കുഞ്ഞിന് എങ്ങനെ നൽകും?
Mail This Article
ചൂരൽമല– മുണ്ടക്കൈ ദുരന്തമുണ്ടായപ്പോൾ മുലപ്പാൽ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചെത്തിയ വനിതകളെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ മോശം കമന്റുകൾ ഓർമയുണ്ടാവുമല്ലോ? മുലപ്പാൽ കുഞ്ഞുങ്ങളുടെ അവകാശമാണെന്നും ആറു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂവെന്നും തിരിച്ചറിഞ്ഞ മനുഷ്യർ ദുരന്തമുഖത്തു സഹായവുമായി എത്താൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോഴായിരുന്നു അതിൽ അശ്ലീലം കണ്ടെത്താൻ ചിലർ ശ്രമിച്ചത്. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ ജനിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതിനോളം ഹീനമാണ് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ജീവിക്കാൻ അനുവദിക്കാതിരിക്കുന്നത്. പക്ഷേ, ഈ അവകാശങ്ങളെ കൊള്ളവിലയ്ക്ക് വിറ്റു കാശാക്കുന്നവരും നാട്ടിലുണ്ട്. ചൂരൽമലയിൽ സ്നേഹത്തിന്റെ പേരിലാണ് അമ്മമാർ മുലപ്പാൽ നൽകാൻ എത്തിയതെങ്കിൽ അനധികൃത ഓൺലൈൻ സൈറ്റുകളിൽ 100 മില്ലി മുലപ്പാൽ വിൽക്കുന്നത് കൈ പൊള്ളുന്ന കാശ് വാങ്ങിയാണ്. രാജ്യത്ത് മുലപ്പാൽ വിൽപന കർശനമായി നിരോധിച്ചിട്ടും ‘മുലപ്പാൽ വിൽപനയ്ക്ക്’ എന്ന തരത്തിലുള്ള പരസ്യങ്ങൾക്കു പഞ്ഞമില്ല. മഞ്ഞകലർന്ന വെള്ളനിറത്തോടു കൂടിയ 100 മില്ലിലീറ്റർ പാൽ വിൽപനയ്ക്കെന്നാണ് ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിന്റെ ഉള്ളടക്കം. ഒരു യൂണിറ്റ് മാത്രമേ ഓർഡർ ചെയ്യാനാകൂ. 2 ദിവസത്തിനുള്ളിൽ എത്തിച്ചുതരുമെന്നും പരസ്യത്തിൽ പറയുന്നു. ഇങ്ങനെ മുലപ്പാൽ വാങ്ങുന്നത് സുരക്ഷിതമാണോ?