ഇഎംഎസിൽ തട്ടിത്തകർന്ന ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; മോദിയുടെ സ്വപ്നം നടപ്പാക്കാൻ ബിജെപിക്ക് എന്തിനിപ്പോൾ ആവേശം?
Mail This Article
സാധാരണയായി കേൾക്കുന്ന കേന്ദ്ര പദ്ധതികളോട് സാമ്യമുള്ള പേര്– ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. പക്ഷേ, ആധാറും പാന്‍ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതു പോലെ നിയമസഭ തിരഞ്ഞെടുപ്പിനെ ലോക്സഭ തിരഞ്ഞെടുപ്പുമായി ‘ബന്ധിപ്പിക്കാനു’ള്ള കേന്ദ്ര നീക്കം വലിയ പ്രതിഷേധത്തിലേക്കാണു നീങ്ങുന്നത്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വിഷയം വർഷങ്ങളായി ഇടയ്ക്കിടെ ഉയർന്നുവരാറുണ്ടെങ്കിലും ഇപ്പോൾ അപ്രതീക്ഷിതമായി നരേന്ദ്ര മോദി സർക്കാർ പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതോടെയാണ് രാജ്യം ഈ വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യാൻ ആരംഭിച്ചത്. സെപ്റ്റംബർ 18ലെ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചില്ലെങ്കിൽപോലും കേന്ദ്രത്തിന്റെ മുഖ്യ അജൻഡകളിൽ മുൻനിരയിൽത്തന്നെയാണ് ഇതിന്റെ സ്ഥാനം. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നടപ്പാക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും പഠിക്കാനായി മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായി എട്ടംഗ സമിതിയെയും നിയോഗിച്ചു കഴിഞ്ഞു കേന്ദ്ര സർക്കാർ. 2014ൽ മോദി അധികാരത്തിലേറിയപ്പോൾ മുതൽ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് രീതി നടപ്പാക്കുമെന്ന വാഗ്ദാനം ബിജെപി ജനങ്ങൾക്ക് മുൻപിൽ വയ്ക്കുന്നുണ്ട്. 2019ൽ വീണ്ടും അധികാരം ലഭിച്ചതോടെയാണ് ബിജെപിയുടെ കരുനീക്കങ്ങൾക്ക് വേഗം കൈവന്നത്.