മധ്യപ്രദേശ് ‘കൈ’ വിട്ടാൽ കൈലാഷ് വാഴുമോ? ആ പാട്ട് ചൗഹാനുള്ള സൂചന; കസേരയിൽ കണ്ണ് സിന്ധ്യയ്ക്കും
Mail This Article
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‍വർഗിയ 2021 ഓഗസ്റ്റിൽ ഭോപ്പാലിൽ വച്ച് ഒരു വിരുന്ന് സംഘടിപ്പിച്ചു. ചടങ്ങിൽ സംബന്ധിച്ചവരിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമുണ്ടായിരുന്നു. അന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു രംഗമുണ്ട്. ചൗഹാനും വിജയ്‍വർഗിയയും കൈകൾ കോർത്ത്, ഷോലെ സിനിമയിലെ പ്രശസ്തമായ ‘യെ ദോസ്തി ഹം നഹി തോഡേംഗേ’ എന്ന പാട്ട് പാടുന്നു. അന്ന് ഏറെ പ്രാധാന്യം കൽപ്പിക്കപ്പെട്ട ഒരു ദൃശ്യമായിരുന്നു ഇത്. അവിടെ നിന്ന് രണ്ടു വർഷം കഴിയുമ്പോൾ മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലത്തിനായി ഏവരും കാത്തിരിക്കുകയാണ്. നവംബർ 17ന് നടന്ന വോട്ടെടുപ്പിനു പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോളുകൾ കോൺഗ്രസിനും ബിജെപിക്കും സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും ബിജെപിക്കാണ് മുൻതൂക്കം. ശിവരാജ് സിങ് ചൗഹാനെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയായിരുന്നില്ല ബിജെപി മത്സരിച്ചത് എങ്കിലും അദ്ദേഹം തന്നെയായിരുന്നു തിരഞ്ഞെടുപ്പിലെ താരം. എന്നാൽ കുറച്ചുകാലമായി തിരഞ്ഞെടുപ്പ് രംഗത്തില്ലാത്ത മറ്റൊരാളുടെ സാന്നിധ്യമായിരുന്നു ഇത്തവണ ബിജെപി നിരയിൽ ശ്രദ്ധേയം; കൈലാഷ് വിജയ്‍വർഗിയയുടേത്. ‘ഷോലെ’യിലെ ആ പാട്ടുരംഗം പോലെയാണോ മധ്യപ്രദേശ് ബിജെപിയിലെ ഇപ്പോഴത്തെ കാര്യങ്ങൾ? എന്തുകൊണ്ടാണ് ഇത്തവണ വിജയ്‍വർഗിയയെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്? ബിജെപി അധികാരത്തിൽ വന്നാൽ ശിവരാജ് സിങ് ചൗഹാന് പകരം വിജയ്‍വർഗിയ ആയിരിക്കുമോ മുഖ്യമന്ത്രി? ബിജെപിക്ക് ആരാണ് വിജയ്‍വർഗിയ? പരിശോധിക്കാം.