‘പൊന്നുപോലെ’ പൊലീസിനെ നോക്കുന്ന സിപിഎം, തിരിഞ്ഞു നോക്കാത്ത കോൺഗ്രസ്; വിവാദ ഗണ്‍മാനെ അന്ന് രക്ഷിച്ചത് ഐഎൻടിയുസി നേതാവ്!
Mail This Article
തെരുവിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ആക്രമിച്ചതോടെ പൊലീസിനുള്ളിലെ രാഷ്ട്രീയവും പൊലീസുകാരുടെ രാഷ്ട്രീയ നിയമനങ്ങളും വീണ്ടും ചർച്ചയാവുകയാണ്. സിപിഎമ്മും കോൺഗ്രസും പൊലീസിനെ വിനിയോഗിക്കുന്ന രീതികളാണ് പോസ്റ്റ്മോർട്ടം ചെയ്യപ്പെടുന്നത്. ഭരണം ഉണ്ടായിരുന്നപ്പോൾ പൊലീസിനെ കൈകാര്യം ചെയ്തിരുന്ന രീതിക്കെതിരെ കോൺഗ്രസിനുള്ളിൽതന്നെ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. പൊലീസിനെ സിപിഎം പാർട്ടിക്ക് വിധേയമാക്കി നിർത്തുമ്പോൾ കോൺഗ്രസിന് അത്തരം നിയന്ത്രണങ്ങളില്ല. യുഡിഎഫിന് ഭരണം കിട്ടുമ്പോൾ സ്വാധീനമുള്ളവർക്കെല്ലാം സേനയ്ക്കുള്ളിൽ കളിക്കാം. സിപിഎമ്മാകട്ടെ മറ്റു പല കാര്യത്തിലുമെന്നപോലെ സേനയിലെ കാര്യങ്ങളിലും നേതാക്കളുടെ നേരിട്ടുള്ള ഇടപെടൽ അനുവദിക്കില്ല. അതത് ഘടകങ്ങളായിരിക്കും (ഫ്രാക്‌ഷൻ) കാര്യങ്ങൾ തീരുമാനിക്കുക. പൊലീസിലെ സിപിഎം വിരുദ്ധ ചേരിയിലുള്ളവരെന്നു നേരിയ സംശയം തോന്നുന്നവരെ പോലും ഒതുക്കി നിർത്തും. രാഷ്ട്രീയ എതിരാളികൾ അധികാരം നേടുമ്പോഴും സേനയെ വേണ്ടവിധം വിനിയോഗിക്കാൻ സിപിഎം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഭരിക്കുന്നവരുടെ കൂടാരങ്ങളിൽ തങ്ങൾക്കു വേണ്ടപ്പെട്ടവരെ നിയമിക്കാൻ സിപിഎം ബോധപൂർവം ശ്രമിക്കും. പൊലീസിലെ സിപിഎമ്മുകാരായ മുന്നണിപ്പോരാളികൾക്കു പൊള്ളലേൽക്കാതിരിക്കാൻ നേതാക്കൾ ജാഗ്രയോടെയായിരിക്കും നീങ്ങുക.