ഒബാമയെ ഇന്ത്യയിലെത്തിച്ച നയതന്ത്രജ്ഞൻ; മോദിയുടെ ഉറ്റദൂതൻ; താരസ്ഥാനാർഥിയായി വരുമോ എസ്.ജയശങ്കര്‍?
Mail This Article
ആയുധങ്ങളെല്ലാം തേച്ചുമിനുക്കി പൊതുതിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലിറങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് ബിജെപി. മൂന്നാമതും ഭരണത്തുടർച്ച മോഹിക്കുമ്പോൾ കൺവെട്ടത്തുണ്ട് കേരളവും. ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രാതിനിധ്യം അനിവാര്യമാണെന്ന് എറണാകുളത്തു ബൂത്ത് ശക്തികേന്ദ്ര ഇന്‍–ചാര്‍ജുമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമിപ്പിച്ചു. പ്രതീക്ഷകൾ കണക്കുകൂട്ടിയ ബിജെപി, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ എ ക്ലാസ് മണ്ഡലമായി കണക്കാക്കി. സിറ്റിങ് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ നേരിടാൻ രംഗത്തിറക്കുന്ന ആ ‘താരസ്ഥാനാർഥി’ ആരായിരിക്കും? കേന്ദ്രമന്ത്രിമാരും ദക്ഷിണേന്ത്യന്‍ ബന്ധമുള്ളവരുമായ എസ്.ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍, നിര്‍മല സീതാരാമന്‍ എന്നിവരുടെയും മോദിയുടെയും പേര് അന്തരീക്ഷത്തിലുണ്ട്. ഇവിടെ എ ക്ലാസ് മണ്ഡലങ്ങളില്ലെന്നും 20 മണ്ഡലങ്ങളിലും ഒരു പോലെ പ്രതീക്ഷയുണ്ടെന്നുമാണു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അഭിപ്രായം. മോദി തിരുവനന്തപുരത്തു മത്സരിച്ചേക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നു കേരള പ്രഭാരി പ്രകാശ് ജാവഡേക്കറും പറയുന്നു. കൂടുതൽ ചെറുപ്പക്കാർ വരണം, രണ്ടു തവണ രാജ്യസഭാംഗങ്ങളായിരുന്നവർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കണം എന്നാണു മോദിയുടെ തീരുമാനം. അക്കൂട്ടത്തിൽ ആദ്യത്തെ പേരുകാരനാണ് എസ്.ജയശങ്കർ. ‘മോദിയുടെ ദൂതൻ’ എന്നു വിശേഷണമുള്ള നേതാവ്.