അന്ന് അബോർഷന് വധശിക്ഷ; ഇന്ന് ഫ്രാന്‍സ് ലോകത്തിന് മാതൃക; ‘ഭേദഗതി’ വന്നിട്ടും ഇന്ത്യ മാറിയോ?
Mail This Article
അബോർഷൻ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കി പ്രഖ്യാപിക്കുന്ന ലോകത്തെ ആദ്യ രാജ്യമെന്ന നിലയിൽ ഫ്രാൻസ് ചരിത്രം സൃഷ്ടിച്ചത് 2024 മാർച്ചിലാണ്. രാജ്യാന്തര വനിതാ ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു ആ പ്രഖ്യാപനം. പക്ഷേ, ആ വഴിയിലേക്ക് ഫ്രാൻസ് നടന്നെത്തിയത് ഒരുപാട് സ്ത്രീകളുടെ പോരാട്ടവും മരണവും ചേരുന്ന ഓർമ്മകളിൽ ചവിട്ടിയാണെന്നതും ചരിത്രം. അബോർഷനും ഗർഭനിരോധന മാർഗങ്ങളും ക്രിമിനൽവൽക്കരിച്ചു കൊണ്ട് ഫ്രാൻസ് ആദ്യത്തെ നിയമം പാസാക്കിയത് 1920ലാണ്. ജീവനെതിരെയാണ് അത്തരം ചെയ്തികൾ എന്നായിരുന്നു വാദം. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലമായമായപ്പോഴേക്കും ഫ്രാൻസിൽ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമായി അബോർഷൻ മാറിയിരുന്നു. അൻപതുകളിലും അറുപതുകളിലും ഈ വിഷയങ്ങൾ സംബന്ധിച്ച് വലിയ ചർച്ചകളും സമരങ്ങളും നടന്നു. ഒടുവിൽ 1967ലാണ് ഗർഭനിരോധനം എന്നത് ഫ്രാൻസിൽ നിയമവിധേയമാകുന്നത്. എപ്പോൾ പ്രസവിക്കണം എന്ന് സ്വയം തീരുമാനമെടുക്കാൻ കുറച്ചു പേർക്കെങ്കിലും അത് അവസരമൊരുക്കി. പക്ഷേ, അബോർഷൻ നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ടുള്ള സമരങ്ങൾ തുടർന്നു. 1971ൽ വിവിധ മേഖലകളിൽപ്പെട്ട സ്ത്രീകളുടെ സമരം ഫ്രാൻസിനെ പിടിച്ചു കുലുക്കി.