ബംഗാളിലെ ‘മിനി കേരളം’: മമതയെ വെട്ടിലാക്കിയ സന്ദേശ്ഖലിയിലെ ‘ബായിജാൻ’; ബിജെപിയുടെ നന്ദിഗ്രാം ആകുമോ ഈ ദ്വീപ്?
Mail This Article
മിനി കേരളമാണ് സുന്ദർബൻ ടൈഗർ റിസർവിൽനിന്ന് അധികം ദൂരെയല്ലാത്ത സന്ദേശ്ഖലി. ഒരുകാലത്ത് കണ്ടൽ കാടുകൾ തഴച്ചുവളർന്ന പ്രദേശങ്ങളിൽ ഇന്ന് ചെമ്മീൻ കെട്ടുകൾ മാത്രം. ബംഗാൾ രാഷ്ട്രീയം തിളച്ചുമറിയുന്നത് സന്ദേശ്ഖലി എന്ന ഈ ചെറിയ ദ്വീപിനെച്ചുറ്റിപ്പറ്റിയാണ്. മാ, മാട്ടി, മാനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യവുമായി ബംഗാളിൽ പടയോട്ടം നടത്തുന്ന മമതയ്ക്കെതിരെ ഉയർന്ന രാഷ്ട്രീയ കൊടുങ്കാറ്റായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ സന്ദേശ്ഖലിയിലെ വനിതകൾ ഉയർത്തിയ പീഡനപരാതികൾ. സന്ദേശ്ഖലി അടക്കി ഭരിച്ചിരുന്ന ഷെയ്ഖ് ഷാജഹാനെ ഇഡി അറസ്റ്റ് ചെയ്തതതോടെ ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി സന്ദേശ്ഖലി പ്രക്ഷോഭം മാറി. സന്ദേശ്ഖലി ഉൾപ്പെടുന്ന ബാസിർഹട്ട് ലോക്സഭ മണ്ഡലത്തിൽ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന രേഖ പത്രയെ സ്ഥാനാർഥിയാക്കി നിർത്തിക്കൊണ്ട് ബിജെപി മമതയ്ക്കെതിരെ നയം വ്യക്തമാക്കുകയും ചെയ്തു. ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിനു നേരേയുള്ള ആരോപണങ്ങൾക്കു പിന്നിലും സന്ദേശ്ഖലി ഉണ്ടെന്നാണ് പ്രതിപക്ഷപാർട്ടികളുടെ ആരോപണം. സന്ദേശ്ഖലിയിലെ പീഡനപരാതികൾ കെട്ടിച്ചമച്ചതാണെന്നും ബിജെപിയുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം. ബംഗാളിലെ ബിജെപി ബൂത്ത് പ്രസിഡന്റുമാരിൽ ഒരാളായ ഗംഗാധർ കോയൽ, സന്ദേശ്ഖലി പരാതികൾ കെട്ടിച്ചമച്ചതാണെന്ന് പറയുന്ന വിഡിയോയും ഇതിനിടെ പുറത്തുവന്നു. തൃണമൂൽ കോൺഗ്രസ് ‘എഐ’ ഉപയോഗിച്ച് നിർമിച്ച വിഡിയോ ആണ് അതെന്നായിരുന്നു ബിജെപിയുടെ മറുവാദം. തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി നേതാക്കൾ പാർട്ടി ഓഫിസിൽ വച്ച് പീഡനത്തിനിരയാക്കിയെന്ന് മൂന്ന് സ്ത്രീകൾ പരാതി നൽകിയതോടെ വിവാദം വീണ്ടും പടർന്നു.