റഈസിയുടെ ജീവനെടുത്തത് റഡാറിൽ പോലും തെളിയാത്ത ‘ആകാശക്കെണി’? കോപ്റ്റർ തകർത്ത ‘ഉപരോധ പ്രതികാരം’
Mail This Article
1979 നവംബർ 4. ഇറാന്റെ തലസ്ഥാനമായ ടെഹ്‍റാനിലെ യുഎസ് എംബസി കെട്ടിടം. അന്നു രാവിലെ അവിടേക്ക് ഇരച്ചുകയറിയെത്തിയത് നൂറുകണക്കിന് കോളജ് വിദ്യാർഥികളായിരുന്നു. മുസ്‌ലിം സ്റ്റുഡന്റ് ഫോളോവേഴ്‌സ് ഓഫ് ദി ഇമാം ലൈൻ എന്ന സംഘടനയുടെ വക്താക്കളെന്നു സ്വയം വിശേഷിപ്പിച്ച സംഘമായിരുന്നു എംബസിയിലേക്ക് കടന്നു കയറിയത്. പൊലീസ് വെറും കാഴ്ചക്കാരായി നിന്നു. ഇറാൻ സർക്കാരിനോട് സഹായം അഭ്യർഥിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. സുരക്ഷാവേലി കടന്നെത്തിയ വിദ്യാർഥികൾക്കു മുന്നിൽ എംബസി ഉദ്യോഗസ്ഥർക്കു ‘കീഴടങ്ങേണ്ടി’ വന്നു. 66 യുഎസ് പൗരന്മാരാണ് അന്ന് എംബസിയിൽ ബന്ദികളായത്. യുഎസ്– ഇറാൻ ബന്ധം പിന്നീടൊരിക്കലും വിളക്കിച്ചേർക്കാൻ സാധിക്കാത്ത വിധം തകർന്നടിഞ്ഞത് ആ ഒരൊറ്റ സംഭവത്തോടെയായിരുന്നു. ഇറാനെതിരെ തുടർ ഉപരോധങ്ങള്‍ അടിച്ചേൽപ്പിച്ചായിരുന്നു യുഎസിന്റെ പ്രതികാരം. ആ സംഭവം നടന്ന് നാലരപ്പതിറ്റാണ്ട് കഴിഞ്ഞു. യുഎസ് അന്ന് ഏർപ്പെടുത്തിത്തുടങ്ങിയ ഉപരോധമാണ് ഇപ്പോൾ അവരുടെ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ജീവനെടുത്തതെന്നു പറഞ്ഞാൽ പ്രതിരോധിക്കാനാകില്ല. അതിനു ചില വ്യക്തമായ കാരണങ്ങളുമുണ്ട്.