‘ടീച്ചറുടെ’ വോട്ടുകൾ ബിജെപി കൊണ്ടുപോയോ? വടകരയിൽ സിപിഎം വിയർക്കും ചില ഉത്തരങ്ങൾ തേടി
Mail This Article
വടകരയിൽ സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പിന്നെയും ദിവസം കുറേ കഴിഞ്ഞാണ് കരുത്തനായ സ്ഥാനാർഥിയെ തിരഞ്ഞുകൊണ്ടിരുന്ന യുഡിഎഫ് പാളയത്തിൽ ഷാഫി പറമ്പിലിന് നറുക്ക് വീണത്. വടകരയിലേക്കുള്ള ഷാഫിയുടെ ആദ്യ വരവിൽ വടകര പുതിയ ബസ് സ്റ്റാൻഡിൽനിന്നു കോട്ടപ്പറമ്പ് വരെ നടന്ന കൂറ്റൻ പ്രകടനം 400 മീറ്റർ കടക്കാനെടുത്തത് ഒന്നര മണിക്കൂർ. ‘ഇത് വടകരയല്ല, യുഡിഎഫിന്റെ വൻകര’യാണെന്ന് യുഡിഎഫുകാർ വിശേഷിപ്പിച്ച ആ പ്രകടനം യഥാർഥത്തിൽ വടകരയുടെ വിധി അന്നേ എഴുതിക്കഴിഞ്ഞിരുന്നോ? 2019ൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച കെ. മുരളീധരന് നൽകിയ വരവേൽപ്പിനെക്കാൾ വലുതായിരുന്നു ഷാഫിയുടെ ആദ്യ വരവിലെ സ്വീകരണം. എല്ലാ എക്സിറ്റ് പോളുകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എൽഡിഎഫിന് വിജയം പ്രവചിച്ച മണ്ഡലത്തിലാണ് 1,15,157 ഭൂരിപക്ഷത്തിൽ ഷാഫിയുടെ വിജയം. 1996 മുതൽ 2004 വരെ സിപിഎം കയ്യടിക്കിവച്ച മണ്ഡലത്തിൽ തുടർച്ചയായി നാലാം തവണയും വിജയിച്ചാണ് ഇത്തവണ യുഡിഎഫ് ചരിത്രമെഴുതുന്നത്. പ്രചാരണത്തിന്റെ തുടക്കം മുതൽ ആരു ജയിക്കുമെന്ന് ഉറപ്പു പറയാൻ കഴിയാത്തത്ര വിധത്തിൽ ആവേശഭരിതമായിരുന്നു കടത്തനാടൻ അങ്കത്തട്ടിലെ പോരാട്ടം. നിഷ്പ്രയാസം കെ.കെ. ൈശലജ വിജയിക്കുമെന്ന് സിപിഎം ആത്മവിശ്വാസം പ്രകടിപ്പിച്ച തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിനു ശേഷമുള്ള സിപിഎമ്മിന്റെ അന്തിമ വിശകലനം 1200 വോട്ടിനെങ്കിലും ജയിക്കും എന്നായിരുന്നു. പക്ഷേ, 2019ൽ പി.ജയരാജന് നൽകിയതു പോലൊരു ‘ഷോക്ക് ട്രീറ്റ്മെന്റ്’ ആയിരുന്നു വടകര കെ.കെ.ശൈലജയ്ക്കും കാത്തു വച്ചിരുന്നതെന്നു മാത്രം.