പുട്ടിന്റെ ഉറപ്പ് കിട്ടിയാൽ പിടിച്ചാൽ കിട്ടില്ല മോദിയുടെ ‘മൈലേജ്’: നിർണായക ലക്ഷ്യങ്ങൾ; പെട്രോളിലും പ്രതീക്ഷ
Mail This Article
വെറും 24 ദിവസത്തിന്റെ ഇടവേളയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്ക് കൊടുത്ത അതേ കൈ കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കരം പിടിക്കാൻ ഈ ലോകത്തിൽ ആർക്കൊക്കെ കഴിയും? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് സാധ്യമാക്കിയിരിക്കുന്നു. ജൂൺ 14ന് ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് നരേന്ദ്ര മോദി യുക്രെയ്ൻ പ്രധാനമന്ത്രിയെ കണ്ടത്. ജൂലൈ 8ന് റഷ്യയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തുമ്പോൾ പുട്ടിന്റെ ആതിഥ്യവും ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിക്കുന്നു. ഇത് രണ്ടും സംഭവിക്കുന്നത് നരേന്ദ്ര മോദി മൂന്നാമത് പ്രധാനമന്ത്രിയായതിന് ശേഷമാണ് എന്നതിനുമുണ്ട് പ്രത്യേകത. റഷ്യയ്ക്ക് പുറമേ മോദി രണ്ട് ദിവസം ഓസ്ട്രിയയിലും സന്ദർശനം നടത്തുന്നുണ്ട്. ഒട്ടേറെ മലയാളികൾ ലക്ഷ്യം വയ്ക്കുന്ന യൂറോപ്പിലെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ന് ഓസ്ട്രിയ. നീണ്ട 41 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ എത്തുന്നതെന്ന പ്രത്യേകത കൂടി ഈ സന്ദര്‍ശനത്തിനുണ്ട്. സാധാരണ അധികാരമേറ്റയുടൻ അയൽരാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന പതിവാണ് മോദിക്കുണ്ടായിരുന്നത്. 2014ൽ ഭൂട്ടാനിലും 2019ൽ മാലദ്വീപിലും സന്ദർശനം നടത്തിയ മോദി പക്ഷേ ഇക്കുറി യൂറോപ്പിലേക്കാണ് പറന്നത്. അതും അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ. ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയായിരുന്നു ലക്ഷ്യം. എന്നാൽ മുൻകൂട്ടി ഉച്ചകോടിക്കായി നിശ്ചയിച്ച ഈ യാത്രയെ ഉഭയകക്ഷി സന്ദർശന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ മോദിയുടെ ആദ്യ ഉഭയകക്ഷി സന്ദർശന യാത്ര ഏത് രാജ്യത്തിലേക്കാവുമെന്ന ആകാംക്ഷ നിലനിന്നിരുന്നു. ആദ്യം അയൽപക്കമെന്ന കീഴ്‍വഴക്കം വിട്ട് മോദി രണ്ടാമതും യൂറോപ്പിലേക്ക് പറന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്?