‘സുഖത്തിലും ദുഃഖത്തിലും സുഹൃത്ത്'; പുട്ടിനെ പിണക്കാതെ മോദി; വിമർശനം കൂസാതെ ഇന്ത്യയും റഷ്യയും
Mail This Article
വാഷിങ്ടനിൽ യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയുടെ ഉച്ചകോടി ആരംഭിക്കവേ, മോസ്കോയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാറ്റോയുടെ മുഖ്യശത്രുവായ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ആലിംഗനം ചെയ്തു സ്വീകരിച്ചതു ലോകശ്രദ്ധ നേടി. പാശ്ചാത്യലോകത്തുനിന്നു വിമർശനം പ്രതീക്ഷിച്ചുതന്നെയാണ് ഇന്ത്യ സന്ദർശനവുമായി മുന്നോട്ടുപോയതെന്നു വ്യക്തമാണ്. നാറ്റോ ഉച്ചകോടിയുമായി സന്ദർശനത്തിനു ബന്ധമില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. നാറ്റോ രൂപീകരണത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, മോദിയുടെ സന്ദർശനം മുതലെടുക്കാൻ പുട്ടിൻ ആവുന്നത്ര ശ്രമിക്കുമെന്നും പാശ്ചാത്യലോകത്തിനു ബോധ്യമുണ്ടായിരുന്നു. റഷ്യയുടെ പരമോന്നത ബഹുമതി മോദിക്കു സമ്മാനിക്കുമെന്നു നേരത്തേ മോസ്കോ അറിയിച്ചിരുന്നു.