വിജയ് ആവർത്തിക്കുമോ 1977ലെ ചരിത്രം? ഉദയനിധിയെ ഉന്നമിട്ട് അണ്ണാമലൈയുടെ ‘ഡിഎംകെ ഫയൽസ്’; ‘പുരട്ചി’ കൊടുങ്കാറ്റിലാര് വാഴും?
Mail This Article
തമിഴ്നാട് രാഷ്ട്രീയത്തിൽ വരും വർഷം തലമുറ മാറ്റത്തിന്റേതായിരിക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. മുൻപെങ്ങും കണ്ടിട്ടില്ലാത്ത ചെറുപ്പക്കാരുടെ നിര പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ കാണാൻ സാധിക്കും. ഉദയനിധി സ്റ്റാലിൻ, ദളപതി വിജയ്, അണ്ണാമലെ. ഇനി ഈ മൂന്ന് പേരും തമ്മിലുള്ള രാഷ്ട്രീയ പോർവിളിയായിരിക്കും തമിഴ്നാടിനെ കാത്തിരിക്കുന്നത്. മൂന്ന് പേരും രാഷ്ട്രീയത്തിൽ തുടക്കക്കാർ. ഏതാണ്ട് സമപ്രായക്കാരും. മൂവരും അവരുടെ സ്വന്തം മേഖലകളിൽ കഴിവ് തെളിയിച്ചാണ് രണ്ടാം ഗോദയായ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത്. അതിനാൽ തന്നെ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് ഇവർ അടുത്ത വർഷങ്ങളിൽ തമിഴകത്ത് കൊണ്ടുവരിക എന്ന് ഉറപ്പിക്കാം. ഉദയനിധിയെ സംബന്ധിച്ചിടത്തോളം മുൻപേ തന്നെ വേരുറപ്പിച്ച, പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ തണലുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും മികച്ച കേഡർ പാർട്ടി സംവിധാനമാണ് ഡിഎംകെയ്ക്കുള്ളത്. നടനായും നിർമാതാവായും തമിഴ് സിനിമയിൽ വർഷങ്ങളോളം തിളങ്ങി നിന്ന ഉദയനിധിക്ക് അപ്രതീക്ഷിതമായാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേപ്പോക്കിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകിയത്. തുടക്കത്തിൽ മന്ത്രി സ്ഥാനം നൽകിയില്ലെങ്കിലും വൈകാതെ മന്ത്രി സഭയിലേക്കും ഉദയനിധി അപ്രതീക്ഷിത ‘എൻട്രി’ നടത്തി.