‘അദ്ദേഹ’മില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാ...; ചാണ്ടി ഉമ്മന് സഹതാപം ആവശ്യമില്ല, ജെയ്ക്കിനെ മറക്കാനും പറ്റില്ല’
Mail This Article
ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതാണെങ്കിലും ഇത്ര പെട്ടെന്ന് ഉണ്ടാവുമെന്ന് പുതുപ്പള്ളിയിലെ ജനം കരുതിയില്ല. കേരളം ഓണത്തിരക്കിൽ അമരുന്ന ദിവസങ്ങളിൽ ഇവിടെയുള്ള കവലകളിൽ, രണ്ടുപേർ കൂടിക്കാണുന്ന ഇടത്തെല്ലാം ചർച്ച തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. വോട്ട് തേടിയുള്ള സ്ഥാനാർഥികളുടെ പ്രചാരണം പോലെയായിരുന്നു ഞങ്ങളുടെ ഈ യാത്രയും. വോട്ട് നൽകണമെന്ന് സ്ഥാനാർഥി ചോദിക്കുമ്പോൾ എന്തിനു വോട്ട് നൽകുന്നു എന്ന ചോദ്യത്തിൽ തുടങ്ങി പുതുപ്പള്ളിക്കാരുടെ മനസ്സറിയാനുള്ള യാത്ര. ചായപ്പീടികയിലെയും കവലകളിലെയും ആളുകളെ മാത്രം കേന്ദ്രീകരിക്കാതെ, പതിവുരീതികളിൽനിന്നു മാറി ഗ്രാമങ്ങളിലെ ഉൾവഴികളിൽ ഒറ്റയ്ക്കും, രണ്ടും മൂന്നും പേരുടെ കൂട്ടങ്ങളെ നേരിട്ടു കാണാനാണ് ശ്രമിച്ചത്. 53 വര്‍ഷം തങ്ങളുടെ ജനപ്രതിനിധിയായ ആൾ പാതിവഴിയിൽ ഓർമയായ വിടവ് നികത്താനുള്ള തിരഞ്ഞെടുപ്പ്, അവിടെ എന്തൊക്കെയാവും ചർച്ചയാവുന്നതെന്ന് നേരിട്ട് അറിയാൻ, കേൾക്കാൻ മണിക്കൂറുകളെടുത്തു. പുതുപ്പള്ളി മണ്ഡലത്തിലെ പ്രധാന ഭാഗങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ഈ യാത്ര അവസാനിച്ചത്.