തലനാരിഴകീറി രോമാഞ്ചചിന്തകൾ
Mail This Article
രോമാവരണമുള്ള ശരീരം സസ്തനികളുടെ എണ്ണം പറഞ്ഞ ലക്ഷണമാണ്. നീണ്ടുവളഞ്ഞ പരിണാമപാതയിലൂടെയുള്ള ദീർഘയാത്രയിൽ ആൾക്കുരങ്ങുകൾ ഇരുകാലികളും രോമാവൃതരുമായ മനുഷ്യരായി. പരിണാമശാസ്ത്ര പിതാവായ ചാൾസ് ഡാർവിനു നീളൻ മുടിയോടു കമ്പമുണ്ടായിരുന്നു. പ്രതിഭയുടെ സൂചകമായി ആർക്കിമിഡീസ് തൊട്ട് ഐൻസ്റ്റൈൻ വരെയുള്ള പല പ്രമുഖ ശാസ്ത്രജ്ഞരും നീളൻ മുടിയന്മാരായിരുന്നു. പ്രായപൂർത്തിയെത്തിയ മനുഷ്യശരീരത്തിൽ രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ രോമകൂപങ്ങളുണ്ട്. അത്രതന്നെ രോമങ്ങളുമുണ്ട്. ഒരു ചതുരശ്ര സെന്റിമീറ്ററിൽ 55 മുതൽ 815 വരെ രോമങ്ങളുണ്ട്. മൃഗലോകത്തെ രോമവൈവിധ്യം ശ്രദ്ധേയമാണ്. പൂച്ചയുടെ മീശയും കുതിരയുടെ കുഞ്ചിരോമവും ചെമ്മരിയാടിന്റെ പഞ്ഞിരോമവും കുരങ്ങന്റെ നെഞ്ചിൻരോമവും വ്യത്യസ്തങ്ങളാണ്. നമ്മുടെ ശരീരത്തിലും രോമരൂപത്തിൽ വലിയ വ്യത്യാസമുണ്ട്. തലമുടി പോലെയല്ല ഇതരഭാഗങ്ങളിലെ രോമത്തിന്റെ പ്രകൃതം. കക്ഷത്തിലും പുരികത്തിലും സ്വകാര്യ ഭാഗങ്ങളിലും വ്യത്യസ്ത രോമരൂപങ്ങളാണുള്ളത്. ബാക്കിയുള്ള ഭാഗങ്ങളിൽ രോമം നേരിയതും കണ്ണിൽപ്പെടാത്തതും വിയർപ്പുഗ്രന്ഥിയുമായി ബന്ധപ്പെടാത്തതുമാണ്.