തെലങ്കാനയിലെ ആ വൻമരം വീഴുന്നു! ഇത് രേവന്തിന്റെ വിജയഭേരി; വോട്ട് മറിച്ചത് ‘കാളീശ്വരം എടിഎം’
Mail This Article
പോരാട്ടങ്ങൾക്ക് അവസാനമില്ലാത്ത തെലുങ്ക് മണ്ണിൽ ഇത്തവണ വീണത് കെസിആർ എന്ന വൻമരം. വെട്ടിവീഴ്ത്തിയത് രേവന്ത് റെഡ്ഡി എന്ന യുവ നേതാവും. എന്നാൽ, കാമറെഡ്ഡി മണ്ഡലത്തിൽ ഇവരെ രണ്ടുപേരെയും മുട്ടുകുത്തിച്ച ബിജെപിയുടെ കട്ടിപ്പള്ളി വെങ്കട്ട രാമന റെഡ്ഡി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. വിജയം ആരുടെയും കുത്തകയല്ലെന്ന വലിയ സന്ദേശംകൂടിയാണ് ഇത്തവണത്തെ തെലങ്കാന വിധിയെഴുത്തിലെ നാടകീയ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. അവിഭജിത ആന്ധ്രാപ്രദേശിലെ തെലുങ്ക് മേഖലയിൽ ശക്തമായ കോൺഗ്രസിന് ‘തെലങ്കാന’ സംസ്ഥാന തിരഞ്ഞെടുപ്പിൽ കൈ ഉയർത്താൻ കഴിയുന്നത് ആദ്യമായാണ്. 2014ൽ സംസ്ഥാനം രൂപീകൃതമായതുമുതൽ ഇന്നുവരെയുള്ള 10 വർഷവും തെലങ്കാനയിൽ അധികാരം കയ്യാളിയത് തെലങ്കാന സമരനായകനായ കെ.ചന്ദ്രശേഖര റാവു എന്ന കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആണ്. എന്നാൽ ഇത്തവണ കാറ്റ് മാറിവീശിയിരിക്കുകയാണ്. ഐക്യ ആന്ധ്രാപ്രദേശ് ആയിരുന്ന കാലത്ത് തെലുങ്കുമണ്ണിൽ നിലനിർത്തിയിരുന്ന സ്വാധീനമാണ് കോൺഗ്രസ് തിരിച്ചു പിടിച്ചിരിക്കുന്നത്.