‘എന്റേതെന്ന്’ പറയാതെ ഗവർണർ; ചിരിച്ചൊതുക്കി മുഖ്യമന്ത്രി; ആ 78 സെക്കൻഡിൽ പറയാതെ പറഞ്ഞത്...
Mail This Article
ആ 1.18 മിനിറ്റ് ഇനി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും നിയമസഭാ രേഖകളിലും മായാതെ കിടക്കും. കേരളത്തിലെ 15 നിയമസഭകളുടെ ചരിത്രത്തിലെ ഏറ്റവും കുറവു ദൈർഘ്യമുള്ള നയപ്രഖ്യാപന പ്രസംഗം എന്ന പേരിൽ. എന്നാൽ ഇതു നിയമസഭയ്ക്കോ കേരളത്തിനോ ഖ്യാതിയല്ല. സംസ്ഥാനത്തിന്റെ തലവനായ ഗവർണറും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള പോരിന്റെ ഏറ്റവും മൂർധന്യരൂപമെന്ന പേരിലാകും ചരിത്രത്തിന്റെ ഭാഗമാവുക. വ്യത്യസ്ത രാഷ്ട്രീയധാരകളിൽ നിൽക്കുന്ന ഒരു ഗവർണർ, എതിർ രാഷ്ട്രീയ പാർട്ടി ഭരിക്കുന്ന സർക്കാരിനെ ‘എന്റെ സർക്കാർ’ എന്നു പലവുരു ഉറക്കെ വിളിക്കുന്ന, ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമായ സന്ദർഭമാണ് നിയമസഭകളിലെ നയപ്രഖ്യാപനം. ‘എന്റെ സർക്കാർ’ എന്നാണു പ്രസംഗത്തിൽ ഗവർണർ അഭിസംബോധന ചെയ്യേണ്ടത്. സർക്കാരിന്റെ നയവും നേട്ടവും എന്റേതു കൂടിയാണെന്നും ഈ സർക്കാർ എന്റെയാണെന്നും ഗവർണർ പ്രഖ്യാപിക്കും. എന്നാൽ ഇന്നലെ അവസാന ഖണ്ഡിക മാത്രം വായിച്ചു പ്രസംഗം അവസാനിപ്പിച്ചു മടങ്ങുമ്പോൾ ഒരുവട്ടം പോലും ‘എന്റെ സർക്കാർ’ എന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശേഷിപ്പിച്ചില്ല. അദ്ദേഹം വായിച്ച അവസാന ഖണ്ഡികയിൽ ‘എന്റെ സർക്കാർ’ എന്നു വിശേഷിപ്പിക്കുന്ന ഒരു വാചകം ഉണ്ടായിരുന്നുമില്ല. ജനാധിപത്യത്തിന്റെ ആ മഹത്തായ സൗന്ദര്യമാണ് ആ 78 സെക്കൻഡിൽ വീണുടഞ്ഞത്.