അന്ന് മോദി പറഞ്ഞു, തരാം 50 രൂപയ്ക്ക് പെട്രോൾ: തിരഞ്ഞെടുപ്പിന് മുൻപ് വരുമോ സർ‘പ്രൈസ്’; എണ്ണക്കമ്പനി ലാഭം ശതകോടികൾ
Mail This Article
ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂട്ടിയെന്ന വാർത്തയുമായാണ് മാർച്ച് മാസത്തിന്റെ തുടക്കംതന്നെ. ഇത് ഓർമയിലേക്ക് കൊണ്ടുവരുന്നത് 2014ലെ പൊതുതിരഞ്ഞെടുപ്പു കാലമാണ്. അന്നും ബിജെപിയുടെ താരപ്രചാരകൻ നരേന്ദ്ര മോദിയായിരുന്നു. രാജ്യത്താകമാനം 270ലേറെ വേദികളിൽ പ്രസംഗിച്ച അദ്ദേഹം ഇന്ധനവിലക്കയറ്റത്തെ കുറിച്ച് പറയാൻ പ്രത്യേകം ശ്രദ്ധിച്ചു. 80 രൂപ 90 പൈസയായിരുന്നു അന്ന് ഒരു ലീറ്റർ പെട്രോളിന്റെ വില. മധ്യവർഗം നിർണായക വോട്ടുബാങ്കായ നഗരങ്ങളിൽ മാത്രമല്ല, ചെറുഗ്രാമങ്ങളിലും ഇന്ധനവില പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കി മോദിയും ബിജെപിയും. അധികാരത്തിലെത്തിയാൽ പെട്രോളിന്റെ വില ലീറ്ററിന് 50 രൂപയും ഡീസിലിന്റെ വില അറുപതിൽ നിന്ന് നാൽപതുമാക്കി കുറയ്ക്കുമെന്നുമായിരുന്നു ബിജെപി ക്യാംപിലെ പ്രധാന വാഗ്ദാനം. തീർന്നില്ല 550–560 രൂപാ നിരക്കിൽ ലഭിച്ചുവന്ന പാചകവാതകത്തിന്റെ വില സിലിണ്ടറിന് 360 രൂപ, പരമാവധി കൂടിയാൽ 370 രൂപ, നിരക്കിൽ നൽകുമെന്നും പ്രഖ്യാപിച്ചു. ഇതോടെ ജനം കയ്യടിക്കുകയും ആറു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിനു നേർക്ക് മഷിപുരണ്ട വിരലുകൾ ആഞ്ഞ് കുത്തുകയും ചെയ്തു. എന്നാൽ പത്തു വർഷങ്ങൾക്കിപ്പുറം രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ എണ്ണവിലയുടെ കാര്യത്തിൽ ഒരക്ഷരം മിണ്ടാൻ ഭരണപ്പാർട്ടിയിലെ നേതാക്കൾ മടിക്കുകയാണ്.