സിപിഎമ്മിന് ചൈന ‘സമ്മാനിച്ച’ നക്ഷത്രം? റഷ്യയിൽനിന്ന് ഇന്ത്യയിലെത്തിയ അരിവാൾ ചുറ്റിക; ‘ചരിത്രപരമായ വിഡ്ഢിത്ത’വും
Mail This Article
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച് ഒരു കൗതുകമുണ്ട്. തുടർച്ചയായി ഒരേ ചിഹ്നത്തിൽ ജനവിധി തേടാനുള്ള അവസരം ലഭിച്ച പാർട്ടികൾ എന്നതാണത്. മത്സരിച്ച ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ അരിവാളും ധാന്യക്കതിരും ചിഹ്നത്തിൽത്തന്നെയാണ് സിപിഐ സ്ഥാനാർഥികൾ മത്സരിച്ചിട്ടുള്ളത്. 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. സിപിഎം രൂപപ്പെട്ടു. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലൊക്കെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് സിപിഎം സ്ഥാനാർഥികൾ തുടർച്ചയായി മത്സരിച്ചത്. ഇടതു ജനാധിപത്യ മുന്നണി രൂപപ്പെട്ട ശേഷം രണ്ടു ചിഹ്നങ്ങളും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ പ്രതീകമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പു രംഗത്തും അവ സ്വന്തമായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് ഈ ചിഹ്നങ്ങൾ പാർട്ടികൾക്കു ലഭിച്ചത്? എന്താണു അതിനു പിന്നിലെ കഥ? അത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ കൂടി ചരിത്രമാണ്. ആ കഥയാണ് ഇനി... ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞപ്പോൾ അതിൽ പരിപൂർണ സ്വാതന്ത്ര്യമായിട്ടല്ല കമ്യൂണിസ്റ്റ് പാർട്ടി കണ്ടത്. ബ്രിട്ടിഷാധിപത്യത്തിന്റെയും മൂലധന ശക്തികളുടെയും നിഴൽ വീണ ഭരണകൂടത്തിനാണ് ജവാഹർലാൽ നെഹ്റു നേതൃത്വം നൽകുന്നതെന്നായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തിയത്. അന്നത്തെ ജനറൽ സെക്രട്ടറി ബി.ടി. രണദിവെയുടെ നേതൃത്വത്തിൽ സായുധ കലാപത്തിനു ശ്രമം നടന്നു. ഇതേത്തുടർന്നുണ്ടായ കർഷക കലാപമായിരുന്നു തെലങ്കാനയിൽ നടനന്നത്. പിൽക്കാലത്ത് അജയ് ഘോഷ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തിയതോടെ സായുധ കലാപത്തിന്റെ സ്ഥാനത്ത് പാർലമെന്ററി ജനാധിപത്യം പാർട്ടി അംഗീകരിച്ചു. ഇതിനിടയിലാണ് 1951–52 കാലഘട്ടത്തിൽ പാർലമെന്റിലേക്ക് ആദ്യത്തെ തിരഞ്ഞെടുപ്പു നടന്നത്.