ഇടയ്ക്കു ചെഷർപ്പൂച്ചയും വേണ്ടേ?
Mail This Article
എക്കാലത്തെയും മികച്ച ബാലസാഹിത്യകൃതികളിലൊന്നായ ‘ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാൻഡ്’ എന്ന ലഘുനോവലിലെ വിചിത്ര കഥാപാത്രമാണ് ചെഷർപ്പൂച്ച (Cheshire Cat). ലൂവിസ് കാരൾ (1832–1898) എന്ന ഗണിതശാസ്ത്രാധ്യാപകൻ ഭാവനാശാലിയായ ബാലസാഹിത്യകാരനെന്ന നിലയിൽ അനശ്വരയശസ്സു നേടി. അദ്ദേഹം ചെഷർപ്പൂച്ചയെയും കണ്ടെത്തി. 1865ൽ ആയിരുന്നു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത്. ചെഷർപ്പൂച്ചയുെട സവിശേഷത, മുഖംനിറഞ്ഞ പരിഹാസച്ചിരിയാണ്. കൂടാതെ, എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാനും വീണ്ടും പ്രത്യക്ഷമാകാനും ഉള്ള കഴിവുമുണ്ട്. അതിൽത്തന്നെ അദ്ഭുതപ്പെടുത്തുന്ന മറ്റൊന്നുമുണ്ട്. ശരീരത്തിന്റെ ഓരോ ഭാഗമായും അപ്രത്യക്ഷമാക്കാം. കഥയിലെ നായികയായ ആലിസ് എന്ന പെൺകുട്ടി ഒരിക്കൽ പൂച്ചയുടെ ചിരി മാത്രം കണ്ടു. ചിരിയില്ലാതെ പൂച്ചയെ കാണാമെങ്കിലും, പൂച്ചയില്ലാതെ അതിന്റെ ചിരി മാത്രം കാണുകയെന്നത് എത്ര രസകരമാണ്! കുഞ്ഞുങ്ങൾക്കു വേണ്ടി ലൂവിസ് കാരളിന്റെ ഭാവന വികസിച്ച രീതി എത്ര വിസ്മയകരം! എത്ര ആഴത്തിലുള്ള മാർജാരഫലിതം!