രണ്ടു കയ്യും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ളവർ ചുരുക്കം. നൂറിൽ 90 പേരും വലംകൈ ഉപയോഗിക്കുന്നു; 10 പേർ ഇടംകയ്യും. ന്യൂനപക്ഷമായ ഇടതരിൽ പ്രതിഭാശാലികൾ ഏറെയുണ്ട്. ലിയനാർദോ ഡ വീഞ്ചി, ഐസക് ന്യൂട്ടൻ, ആൽബർട് ഐൻസ്റ്റൈൻ, മേരി ക്യൂറി, മകൾ ഐറിൻ ക്യൂറി, നൊബേൽ ജേതാക്കളായ റീതാ ലെവി മെ‍ാൺടാച്ചിനി, ക്രിസ്ത്യാനെ വോൾഹാർട്, ആഡാ യൂനഥ്, ബാർബറ മക്‌ലിൻ ടോക്, ടുയൂയോ...നിര നീളുന്നു. എങ്ങനെയാണ് ഇടംകൈ സ്വാധീനം ഉരുത്തിരിയുന്നത്? ജനിതക ഭാഷയിൽ മറുപടി പറഞ്ഞാൽ ബീറ്റാ ട്യൂബുലിൻ ജീൻ (TUBB4B) എന്നതാണ് ഉത്തരം. ഇടംകയ്യരിൽ ഇത് 2.7% കൂടുതലാണ്. കോശത്തിന്റെ ഉൾഭാഗം സൂക്ഷ്മ കുഴലുകൾ (MICRO TUBES) എന്ന പ്രോട്ടീൻ തന്തുക്കളാണ്. ആ പ്രോട്ടീൻ നിർമിക്കാൻ നിർദേശം നൽകുന്ന ജീനാണിത്. നമ്മുടെ മസ്തിഷ്കത്തിനു രണ്ട് അർധഗോളങ്ങളുണ്ട്. അവ രണ്ടും ഒരുപോലെയല്ല. ഘടനയിലും പ്രവർത്തനത്തിലും വ്യത്യാസമുണ്ട്. ഇടം മസ്തിഷ്കമാണു വലംകയ്യെ നിയന്ത്രിക്കുന്നത്. ഭാഷാശേഷിയുടെ ആധാരം ഇതാണ്. സ്ഥലങ്ങൾ തിരിച്ചറിയാനുള്ള ദൃശ്യശേഷി കുടികെ‍ാള്ളുന്നത് വലത്തേ അർധഗോളത്തിലാണ്. മസ്തിഷ്കാർധ ഗോളങ്ങളുടെ സങ്കീർണമായ അസമത്വമാണ് ഇടം, വലം കൈകളുടെ വ്യത്യാസത്തിനു കാരണം. ചില കുടുംബങ്ങളിൽ കൂടുതൽ ഇടംകയ്യരെ കാണുന്നു. അച്ഛനമ്മമാരിൽ ഒരാൾക്ക് ഇടംകൈ സ്വാധീനമാണുള്ളതെങ്കിൽ കുട്ടിക്കും അതുണ്ടാകാനുള്ള സാധ്യതയുണ്ട്. ഉദാ: മേരി ക്യൂറിയും ഐറിനും. അച്ഛനും അമ്മയും ഇടംകയ്യരാണെങ്കിൽ കുട്ടിക്ക് അതുണ്ടാകാനുള്ള സാധ്യത നാലിലൊന്നായി കൂടുന്നു. പത്തിലൊരാൾക്ക് ഇടംകൈ എന്നാണു പ്രമാണമെങ്കിലും 1994ൽ 32 രാജ്യങ്ങളിൽ 24 ലക്ഷം പേർ പങ്കെടുത്ത സർവേയിൽ 9.3% മുതൽ 18.1% വരെ ഇടതരെ തിരിച്ചറിഞ്ഞു. ഏഷ്യയിലും ആഫ്രിക്കയിലും മധ്യപൗരസ്ത്യ ദേശങ്ങളിലും ഇടതരുടെ എണ്ണം പൊതുവേ കുറവാണ്. ഇവിടങ്ങളിൽ കുട്ടികളെ വലംകയ്യരായി വളർത്തുന്ന പതിവുമുണ്ട്. 5,13,303 പുരുഷന്മാർ പങ്കെടുത്ത അമേരിക്കൻ സർവേയിൽ 12.6% ഇടംകയ്യരുണ്ടായിരുന്നു. 6,64,114 സ്ത്രീകളുടെ സർവേയിൽ അത് 9% ആയിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com