കോവിഷീൽഡ് കുത്തിവച്ചവരുടെ രക്തം കട്ടപിടിക്കുമോ? എന്താണ് യാഥാർഥ്യം? ആ മരണങ്ങളിലും ആശങ്ക വേണോ?
Mail This Article
2019 ഡിസംബർ. ചൈനയിലെ വുഹാൻ നഗരത്തിൽ അപ്രതീക്ഷിതമായുണ്ടായ പകർച്ചപ്പനിയും ശ്വാസതടസ്സവും ആളുകളുടെ ജീവനെടുത്തു തുടങ്ങിയ സമയം. 2020ന്റെ തുടക്കമായപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശം വിതയ്ക്കുന്ന മഹാമാരിയായി കോവിഡ്19 വളർന്നു കഴിഞ്ഞിരുന്നു. പതിനായിരക്കണക്കിന് ആളുകൾ ദിനംപ്രതി മരിച്ചു. ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു. 10 വർഷത്തേക്കെങ്കിലും ലോകത്തിന് ‘നോർമൽ’ അവസ്ഥയിലേക്ക് തിരിച്ചു പോക്കുണ്ടാവില്ല എന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, അതിവേഗത്തിലുള്ള കോവിഡ് വാക്സീന്റെ കണ്ടെത്തൽ പ്രവചനങ്ങളെയെല്ലാം തകിടം മറിച്ചു. ലോകത്താകമാനം രണ്ടു കോടിയിലേറെ ജീവനുകളെ കോവിഡ് വാക്സീൻ രക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. കോവീഡ് വാക്സീന്റെ രൂപീകരണത്തിലേക്ക് നയിച്ച ‘എംആർഎൻഎ’ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കാറ്റലീൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ എന്നിവരെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം തേടിയെത്തുകയും ചെയ്തു. പക്ഷേ, വാക്സീൻ കണ്ടെത്തിയപ്പോൾ മുതൽതന്നെ ആരംഭിച്ചിരുന്ന വിവാദങ്ങൾക്ക് അതുകൊണ്ടൊന്നും അവസാനമായിരുന്നില്ല. കോവിഡ് മഹാമാരിയും വാക്സീനും കുത്തക മരുന്നു കമ്പനികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു വാക്സീനെ എതിർക്കുന്നവരുടെ പ്രചരണം. കോവിഷീൽഡ് വാക്സീൻ നിർമിച്ചിരുന്ന അസ്ട്രാസെനക കമ്പനിയുടെ വെളിപ്പെടുത്തലായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ വിവാദം. വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നായിരുന്നു യുകെ കോടതിയിൽ ഇതു സംബന്ധിച്ച കേസിന് കമ്പനി നൽകിയ സത്യവാങ്മൂലം.