‘ചെ ഗവാര’യുടെ വാക്കുകൾ അറംപറ്റി; തെറ്റുതിരുത്താതെ മെലിഞ്ഞുണങ്ങി ഇടതു വിപ്ലവപ്രസ്ഥാനങ്ങൾ
Mail This Article
ചെ ഗവാരയുടെ വിപ്ലവജീവിതം പ്രമേയമാക്കിയ ഒരു ഏകാംഗനാടകം എൺപതുകളിൽ ക്യാംപസിൽ അരങ്ങേറിയിരുന്നു. അതിലെ നായകകഥാപാത്രം (ചെ ഗവാര) അവസാനഭാഗത്തു പറയുന്ന ഒരു ഡയലോഗുണ്ട്– ‘പ്രസ്ഥാനത്തിന്റെ ചരിത്രം തെറ്റുകളുടെ സങ്കലനമാണ്’. ‘നിഴലുകളില്ലാത്ത മനുഷ്യൻ’ എന്ന ഈ നാടകമോ ഡയലോഗോ ഇപ്പോഴത്തെ ക്യാംപസുകളിൽ ഓടില്ല. എങ്കിലും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളിൽ കുറച്ചുകാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നതു കാണുമ്പോൾ, പട്ടാള യൂണിഫോമിൽ ഒരു ടെന്റിനകത്തെ ഇരുണ്ടപശ്ചാത്തലത്തിൽ നിന്നുകൊണ്ട് ചെ ഗവാര പറയുന്നത് ഓർമയിൽ വരും. ബിജെപിയിൽ ചേരുന്നതിനു മുന്നോടിയായി അവരുടെ ദേശീയ നേതൃത്വവുമായി ഇടതുമുന്നണി കൺവീനർ ചർച്ച നടത്തിയെന്ന് അറിയുമ്പോഴും കാറിനു സൈഡ് കൊടുക്കാതിരുന്ന ബസ് ഡ്രൈവറെ പിരിച്ചുവിടാൻ യുവ വനിതാമേയറുടെ കാർമികത്വത്തിൽ പാർട്ടി ഭരിക്കുന്ന നഗരസഭ പ്രമേയം പാസാക്കിയെന്നു കേൾക്കുമ്പോഴും ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ ഒരുകോടി രൂപ ഇഡി കണ്ടുകെട്ടിയപ്പോൾ വിളറിയ മുഖവുമായി വരുന്ന ജില്ലാ സെക്രട്ടറിയെ കാണുമ്പോഴും ഇതേ സംഭാഷണം ഓർമിക്കുന്നു– പ്രസ്ഥാനത്തിന്റെ ചരിത്രം തെറ്റുകളുടെ സങ്കലനമാണ്. ഇപ്പോൾ 142 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 100 കൊല്ലത്തോളമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ 3.6 കോടി പേർ മാത്രമുള്ള ചെറുപ്രദേശത്ത് ഒതുങ്ങിപ്പോയത് എന്തുകൊണ്ടെന്നു ചിന്തിക്കുമ്പോഴും നാടകത്തിലെ ചെ ഗവാര മുന്നിൽ വരും.