ആണവ യുദ്ധത്തിലേക്ക് പുട്ടിന്റെ ‘കമാൻഡ്’: റഷ്യൻ പ്രതികാരം കടുത്താൽ സ്വർണം ‘കത്തും’; ഫ്രഞ്ച് സേന യുക്രെയ്നിൽ, ഇനി സംഹാരം
Mail This Article
നിർണായക ഘട്ടത്തിലേക്കു കടക്കുകയാണ് റഷ്യ - യുക്രെയ്ൻ യുദ്ധം. രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിന്റെ രൂപവും ഭാവവും മാറുന്നു. സമാധാന ചർച്ചകളുടെ സാധ്യതകളെല്ലാം കാറ്റിൽപറത്തി യുക്രെയ്നിലേക്കു വീണ്ടും അമേരിക്കയുടെയും നാറ്റോയുടെയും ആയുധ സൈനിക സഹായ പ്രവാഹത്തിനും തുടക്കമായി. എന്നാൽ അവ്ദിവ്കയുടെ പതനത്തിനു പിന്നാലെ യുദ്ധഭൂമിയിൽ മതിയായ ആയുധങ്ങളും സൈനികരുമില്ലാതെ യുക്രെയ്ൻ തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മേയ് അവസാനത്തോടെയോ ജൂൺ ആദ്യവാരത്തോടെയോ റഷ്യൻ സേന അവരുടെ ‘സമ്മർ ഒഫൻസീവിന്റെ’ ഭാഗമായി സമ്പൂർണ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന ആശങ്കയിൽ ഖാർകീവിൽനിന്നും ഒഡേസയിൽനിന്നും വൻതോതിൽ സാധാരണ ജനങ്ങൾ ഒഴിഞ്ഞുപോകുന്നു. റഷ്യയുടെ മുന്നേറ്റം തടയാൻ യുദ്ധമുന്നണിയിൽനിന്ന് ഏറെ പിന്നിലായി പ്രതിരോധ നിരയൊരുക്കാനുള്ള കഠിന ശ്രമത്തിലാണ് യുക്രെയ്ൻ. യുക്രെയ്ൻ പ്രതിരോധം തകർന്നാൽ തലസ്ഥാനമായ കീവിന്റെയും കിഴക്കൻ യുക്രെയ്നിൽ അവശേഷിക്കുന്ന ഏക തുറമുഖ നഗരമായ ഒഡേസയുടെയും സുരക്ഷ ഏറ്റെടുക്കാൻ ഫ്രാൻസിന്റെ നേതൃത്വത്തിൽ നാറ്റോ രാജ്യങ്ങൾ ഒരുക്കവും തുടങ്ങി. യുദ്ധം കൂടുതൽ കടുത്തതോടെ സ്വർണ- ക്രൂഡ് ഓയിൽ വിലകൾ ഉയർന്നു തുടങ്ങിയത് ആഗോള സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങി. അമേരിക്കൻ സെനറ്റ് അംഗീകരിച്ച 6100 കോടി ഡോളറിന്റെ സാമ്പത്തിക സഹായ സൈനിക പാക്കേജിന്റെ ഭാഗമായി ദീർഘദൂര മിസൈലുകളും എഫ് 16 യുദ്ധവിമാനങ്ങളും യുക്രെയ്നിന്റെ ആയുധപ്പുരകളിലേക്കും എത്തുന്നു. പ്രതിരോധത്തിനൊപ്പം ദീർഘദൂര മിസൈലുകളുപയോഗിച്ച്, റഷ്യയുടെ അധീനതയിലുള്ള ക്രൈമിയയ്ക്കു നേർക്ക് ആക്രമണം തുടങ്ങാനും യുക്രെയ്ൻ പദ്ധതിയിടുന്നു. യുക്രെയ്നിലെ യുദ്ധഭൂമിയിലും പുറത്തും എന്താണ് സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം.