3000 കിലോ ബോംബുമായി റഷ്യ; ക്യൂബയിലേക്ക് ‘ആണവ’ കപ്പലുകൾ; യൂറോപ്പിന്റെ മഹായുദ്ധത്തിലേക്ക് എഫ്16 വിമാനങ്ങൾ?
Mail This Article
റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും കടുത്ത പോരാട്ടത്തിലേക്കു കടക്കുകയാണ്. യുദ്ധത്തിന്റെ ആദ്യനാളുകളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രെയ്നിനും സഖ്യരാജ്യങ്ങൾക്കും മുന്നിൽ വരച്ച ചുവപ്പുവരകളിൽ അവസാനത്തേതും അവർ മറികടന്നതോടെ യൂറോപ്പിൽ മറ്റൊരു മഹായുദ്ധത്തിനും, ശീതയുദ്ധകാലത്തിലെന്ന പോലെ ക്യൂബയിൽ മറ്റൊരു മിസൈൽ പ്രതിസന്ധിക്കും കളമൊരുങ്ങുന്നു. അമേരിക്കയും ഇംഗ്ലണ്ടും മറ്റു നാറ്റോ സഖ്യരാജ്യങ്ങളും നൽകിയ ആയുധങ്ങളുപയോഗിച്ച് റഷ്യൻ ഭൂപ്രദേശങ്ങൾക്കു നേർക്ക് യുക്രെയ്ൻ ആക്രമണം തുടങ്ങിയതോടെ ശക്തമായ പ്രതികാര നടപടികൾക്ക് റഷ്യ ഒരുക്കവും തുടങ്ങി. യുക്രെയ്ൻ സൈന്യത്തിന് പിന്തുണയുമായി എത്തിയ ഫ്രഞ്ച് സൈനികരെ ലക്ഷ്യമിടുകയാണെന്ന് വ്യക്തമാക്കിയ റഷ്യ, യുക്രെയ്നിലൂടനീളം മിസൈൽ, ഡ്രോൺ ആക്രമണങ്ങളും പതിവാക്കി കഴിഞ്ഞു. റഷ്യൻ ഗ്രേറ്റ് സമ്മർ ഒഫൻസീവിന്റെ ഭാഗമായി ഹർകീവ് മേഖലയിൽ യുക്രെയ്നിയൻ പ്രതിരോധം തകർത്ത് അതിവേഗം മുന്നേറ്റം നടത്തിയ റഷ്യൻ സേന വൻ ഭൂപ്രദേശവും പിടിച്ചെടുത്തു. കൂടാതെ കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിലും ബാഖ്മുതിന്റെ പടിഞ്ഞാറൻ മേഖലയിലെ ചാസിവീയാറിലും യുക്രെയ്നിയൻ പ്രതിരോധത്തെ കൂടുതൽ ദുർബലമാക്കി റഷ്യൻ സേന മുന്നേറ്റവും തുടരുകയാണ്. സഖ്യകക്ഷികൾ സംഭാവന നൽകിയ എഫ് 16 യുദ്ധവിമാനങ്ങൾ ഏതു നിമിഷവും യുദ്ധക്കളത്തിൽ ഇറങ്ങുമെന്നും യുദ്ധഗതി മാറ്റിമറിക്കുമെന്ന വിശ്വാസത്തിൽ മറ്റൊരു കൗണ്ടർ ഒഫൻസീവിനായി (പ്രത്യാക്രമണം) യുക്രെയ്ൻ സേനയും ഒരുക്കം തുടരുന്നു. നാറ്റോയില്‍ ചേരാമെന്നുള്ള സ്വപ്നം യുക്രെയ്ൻ അവസാനിപ്പിക്കുകയും റഷ്യ പിടിച്ചെടുത്ത നാലു മേഖലകൾ പൂർണമായും വിട്ടുതരികയും ചെയ്താൽ യുദ്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാമെന്നും പുട്ടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതു നടക്കില്ലെന്ന് യുക്രെയ്നും വ്യക്തമാക്കി. യുദ്ധം തുടരുമെന്നതു വ്യക്തം. യുക്രെയ്നിലെ യുദ്ധഭൂമിയിലും പുറത്തും എന്താണ് സംഭവിക്കുന്നത്?. റഷ്യ – യുക്രെയ്ൻ യുദ്ധം വളർന്നു യൂറോപ്പിന്റെ മഹായുദ്ധമായി മാറുമോ? അമേരിക്കയ്ക്കും റഷ്യയ്ക്കുമിടയിൽ രണ്ടാം ക്യൂബൻ മിസൈൽ പ്രതിസന്ധി രൂപപ്പെടുമോ? യുദ്ധഗതി എങ്ങോട്ടാണ്...? വിശദമായി പരിശോധിക്കാം.