മരണത്തിന്റെ മണമുള്ള ആ രാത്രി; ‘പോൺ’ കഴിഞ്ഞു ഇനി ടിക്ടോക്; ഇന്നും അജ്ഞാതം ഇറാഖിലെ ‘സോഷ്യൽ മീഡിയ കില്ലേഴ്സ്’
Mail This Article
ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ പിൻഗാമിയെ തേടിയുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് ജൂലൈ 28ന്. എന്നാൽ അതിനും നാളുകൾക്കു മുൻപേതന്നെ ഒരു ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. #ElectionCircus എന്ന ഹാഷ്‌ടാഗിന്റെ ഉറവിടം തേടി ഇറാനിയൻ ‘സൈബർ’ പൊലീസ് അലയാൻ തുടങ്ങിയിട്ടും നാളുകളായി. എന്നാൽ കാട്ടുതീ പോലെയാണ് അത് ഇറാനിലാകെ പടർന്നത്. ഹാഷ്‌ടാഗിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അതിൽ പറയുംപോലെ, ഇലക്‌ഷൻ എന്ന സർക്കസിൽനിന്നു മാറി നിൽക്കുക. പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടാലും ഇറാൻ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട വിലക്കുകൾക്ക് മാറ്റമുണ്ടാകില്ലെന്ന ചിന്തയാണ് ഇത്തരമൊരു ഹാഷ്‌ടാഗിനെ ജനം വൈറലാക്കിയതിനു പിന്നില്‍. സകല സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുള്ള ഇറാനിൽ വിപിഎൻ (Virtual private network) ഉപയോഗിച്ചാണ് ജനം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതുതന്നെ. ഇറാനിൽ അതിശക്തമായ സൈബർ നിയന്ത്രണമുണ്ടെന്നു വയ്ക്കാം. എന്നാൽ തൊട്ടടുത്തു കിടക്കുന്ന രാജ്യമായ ഇറാഖിലോ? അവരും സമൂഹമാധ്യമ നിയന്ത്രണത്തിന്റെ പാതയിലേക്കുള്ള യാത്രയിലാണ്. ഏതുനിമിഷം വേണമെങ്കിലും ടിക്ടോക് ഉൾപ്പെടെ നിരോധിക്കപ്പെടാം. അവിടെയുമുണ്ട്, വ്ലോഗര്‍മാരെയും ഇൻഫ്ലുവൻസർമാരെയും സോഷ്യൽ മീഡിയ താരങ്ങളെയും തടവറയിലാക്കുന്ന നിയമങ്ങള്‍. എന്നാൽ അതോടൊപ്പംതന്നെ അവർ നേരിടേണ്ടി വരുന്നത് ജീവനുതന്നെ നേരെ ഉയരുന്ന ഭീഷണികളാണ്. അവിടെ സമൂഹമാധ്യമ താരങ്ങൾക്കു മേൽ മരണം കൊണ്ടാണ് അജ്ഞാതർ ഭീതി വിതയ്ക്കുന്നത്. അതിന് ഭരണകൂടം കുടപിടിക്കുന്നുണ്ടോ എന്ന ചോദ്യവും രാജ്യാന്തര സമൂഹം ഉയർത്തുന്നു. ഇറാഖിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഉൾപ്പെടെ പറയാനുള്ളത് ഭീതിയുടെ ചോരക്കഥകളാണ്. എന്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളെ ഇറാഖ് ഭയക്കുന്നത്? എന്തുകൊണ്ടാണ് ഭരണകൂടം പോലും ഇക്കാര്യത്തിൽ രക്ഷയ്ക്കു വരാത്തത്? മരണത്തിന്റെ മണമുള്ള രാത്രികളുടെ ഇരുട്ടിൽനിന്ന് ഇനിയും എത്ര പേർ വരും നിരപരാധികൾക്കു നേരെ തോക്കുകളുമായി...?