കെന്നഡിയെ ജയിപ്പിച്ച അതേ ഡിബേറ്റ്: ട്രംപ് പറഞ്ഞു, ‘കേസ് പിന്നാലെ വരും’: നുണകൾക്ക് മുന്നിൽ ‘തൊണ്ടയിടറി’ ബൈഡനും
Mail This Article
ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ഒരു വിശേഷ സംഭവമാണ് നാലു വർഷം കൂടുമ്പോള്‍ നടക്കുന്ന അമേരിക്കയുടെ പ്രസിഡന്റിനെ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്. അമേരിക്കയെ കുറിച്ച് വേറെ എന്തൊക്കെ അപവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചാലും കൃത്യമായി നടക്കുന്ന ഈ തിരഞ്ഞെടുപ്പ് പ്രക്രിയ ആ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രത്യക്ഷത്തിലുള്ള പ്രകടനമാണ്. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും ആവേശമുണര്‍ത്തുന്നതും ഏറെ ജനങ്ങളെ ആകര്‍ഷിക്കുന്നതും ഒരു കണക്കിനു പറഞ്ഞാല്‍ ഈ പ്രക്രിയയുടെ ഒരു അവിഭാജ്യ ഘടകവുമാണ് രണ്ടു സ്ഥാനാര്‍ത്ഥികളും തമ്മില്‍ നേര്‍ക്കുനേര്‍ നിന്നുള്ള വാഗ്വാദം. യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് (United States Presidential Debate അഥവാ Debate) എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥാനാർഥികൾ തമ്മിലുള്ള ഈ നേരിട്ടുള്ള ‘ഏറ്റുമുട്ടല്‍’ ടെലിവിഷന്‍ സംപ്രേക്ഷണം വഴി വോട്ടര്‍മാര്‍ക്ക് നേരിട്ട് കാണുവാന്‍ സാധിക്കും. വളരെ രസകരവും കൗതുകമുണര്‍ത്തുന്നതുമായ ഒരു സംഭവം മാത്രമല്ല; ചില തിരഞ്ഞെടുപ്പുകളില്‍ വിജയിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കു കൂടി ഈ സംവാദം നിര്‍വഹിച്ചിട്ടുണ്ട്.