‘കടലാമ കുരുങ്ങുമെങ്കിൽ ചെമ്മീനും വേണ്ട’; വരുമാനമിടിച്ച ‘ടെഡ് വല’; കേരളത്തിലും പ്രതിസന്ധി
Mail This Article
ഒന്നിച്ചു കടലിൽ ജീവിക്കുന്നു എന്നതിൽ തീരുന്നില്ല കടലാമയും കടൽച്ചെമ്മീനും തമ്മിലുള്ള ബന്ധം. ചെമ്മീൻ രുചി ഇഷ്ടപ്പെടുന്ന ജീവി കൂടിയാണു കടലാമ: പ്രത്യേകിച്ചും ഇന്ത്യൻ തീരത്തു കാണുന്ന ഒലിവ് റിഡ്‌ലീസ് (ശാസ്ത്രനാമം: ലെപിഡോകെലിസ് ഒലിവേസി). കടൽപ്പായലും ജെല്ലിഫിഷും കൂടാതെ ചെമ്മീനെയും ഞണ്ടിനെയും തിന്നാണു കടലാമകൾ ജീവിക്കുന്നത്. ചെമ്മീനെ വിഴുങ്ങാൻ വരുമ്പോൾ ട്രോൾ വലകളിൽ കുടുങ്ങി, ശ്വാസം കിട്ടാതാകുന്നതാണു കടലാമകളുടെ ജീവനു ഭീഷണിയാകുന്നത്. (വെള്ളത്തിനു മീതെ വന്നു വായുവിൽ നിന്നാണു കടലാമകൾ ശ്വസിക്കുന്നത്). ആയുർദൈർഘ്യം കൂടുതലുള്ള കടലാമകളിൽ ചിലത് 150 വർഷത്തിനുമേൽ ജീവിക്കാറുണ്ട്. വളർച്ചയുടെ തോതു കുറവായതിനാൽ, ഇനവും പരിസ്ഥിതി ഘടകങ്ങളും അനുസരിച്ച് 15–50 വർഷങ്ങൾ കൊണ്ടാണു മുട്ടയിടാൻ പാകമാകുന്നത്. വർഷം തോറും നിശ്ചിത ബീച്ചുകളിൽ ലക്ഷക്കണക്കിന് ആമകൾ കൂട്ടത്തോടെ എത്തിയാണു മുട്ടയിടുന്നത്. ശത്രുക്കളെയും പ്രതികൂല പരിസ്ഥിതിയെയും പ്രതിരോധിക്കാൻ വേണ്ടിയാണ് ഈ ‘കൂട്ടനടത്തം’. പക്ഷേ ഏറ്റവും വലിയ ഇരപിടിയനായ മനുഷ്യന്റെ ഇടപെടലോടെ, ആമകളുടെ ജീവിതചക്രത്തിൽ ഏറ്റവും ഭീഷണി ഈ മുട്ടയിടൽ കാലത്തായി. ബീച്ചുകളിലെ പ്രവർത്തനങ്ങളും ആമകളെ പിടിക്കുന്നതും മുട്ടയെടുക്കുന്നതും ഇടക്കാലങ്ങളിൽ വ്യാപകമായിരുന്നു. ഇന്നു സ്ഥിതി മാറി.