ടി.ഡി. രാമകൃഷ്ണൻ എഴുതുന്നു: ‘അധികാരം ഹിംസാത്മക ഉന്മാദമായി; ഭരണകൂട തെറ്റിനെ വിമർശിക്കുന്നവരെല്ലാം രാജ്യദ്രോഹികളല്ല’
Mail This Article
രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ, സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാർ എത്രകണ്ട് സ്വതന്ത്രരാണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളോടുള്ള നിങ്ങളുടെ വിയോജിപ്പുകൾ, രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ എന്നിവ തുറന്നു പ്രകടിപ്പിക്കാനോ പ്രതിഷേധിക്കാനോ ഉള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടോ? നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ദൈവങ്ങളെ ആരാധിക്കാനുമുള്ള സ്വാതന്ത്യമുണ്ടോ? നിങ്ങൾക്കിഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കാനും ഒപ്പം ജീവിക്കാനും സ്വാതന്ത്ര്യമുണ്ടോ? ഒരു വ്യക്തിയെന്ന നിലയിൽ ഈ ചോദ്യങ്ങളിൽ പലതിനും നിങ്ങൾക്ക് ‘ഉണ്ട്’ എന്ന ഉത്തരം പറയാൻ കഴിഞ്ഞേക്കാം. പക്ഷേ, ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും, എല്ലാ ചോദ്യങ്ങൾക്കും ‘ഉണ്ട്’ എന്ന ഉത്തരം പറയാൻ കഴിഞ്ഞാൽ മാത്രമേ നമ്മുടെ രാജ്യം പൂർണമായ അർത്ഥത്തിൽ സ്വാതന്ത്ര്യമുള്ള ജനാധിപത്യരാഷ്ട്രമാണെന്ന് പറയാൻ കഴിയൂ. മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ള പല മാർഗങ്ങളിലൊന്ന് ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ സമകാലിക അവസ്ഥ പരിശോധിക്കുകയാണ്. ആ മേഖലയിലെ ആഗോള ഇൻഡെക്സുകളുടെത്ത് നോക്കിയാൽ ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണെന്നു കാണാം. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ (RSF- Reporters without Borders) 2024ലെ ലിസ്റ്റിൽ നമ്മൾ ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും പുറകിൽ നൂറ്റിയമ്പത്തിയൊൻപതാം സ്ഥാനത്താണ്. 2014 ൽ നൂറ്റിനാൽപതാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഓരോ കൊല്ലവും പുറകോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഒരു ജനാധിപത്യഭരണസംവിധാനം നിലനിൽക്കുന്ന രാജ്യത്തിങ്ങനെ സംഭവിക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്. ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലും നമ്മുടെ രാജ്യത്തിന്റെ സ്ഥിതി