ആശംസയുടെ അർഥങ്ങൾ – വായിക്കാം ‘ഇന്ത്യാ ഫയൽ’
Mail This Article
നല്ലതു വരട്ടെ’ എന്നത് നല്ലൊരു ആശംസയാണ്. പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ തിത്തോറ ഗ്രാമത്തിലെ രാജേന്ദ്ര കുമാർ എന്ന ദിവസക്കൂലിക്കാരന്റെ മകൻ അതുൽ കുമാറിനോടാണ് ‘നല്ലതു വരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞദിവസം ആശംസിച്ചത്. അതുൽ ചീഫ് ജസ്റ്റിസിനു നന്ദി പറഞ്ഞു. അതുലിനു ധൻബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദ കോഴ്സിനു സീറ്റ് ലഭിച്ചു. പ്രവേശനത്തിന്റെ അവസാനകടമ്പയായ 17,500 രൂപ ഫീസ് അടയ്ക്കൽ സമയപരിധിക്കുള്ളിൽ സാധിക്കാതെ സീറ്റ് നഷ്ടമായപ്പോഴാണ് അതുൽ സുപ്രീം കോടതിയിലെത്തിയത്. പണം അടയ്ക്കേണ്ട അവസാനതീയതിയായ ജൂൺ 24നു രാജേന്ദ്ര കുമാർ പലരോടായി കടം വാങ്ങി 17,500 തികയ്ക്കാൻ നോക്കുന്നതിനിടെ, പ്രവേശന പോർട്ടലിൽ ലോഗിൻ ചെയ്യാൻ അതുൽ പലതവണ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. ഉച്ചകഴിഞ്ഞ് 4.45നു പണം തികഞ്ഞു. പക്ഷേ, അഞ്ചു മണിക്കകം പണം അടയ്ക്കൽ പൂർത്തിയാക്കാൻ സാധിച്ചില്ല. 11 മാസം ദിവസവും 18 മണിക്കൂറെന്ന തോതിൽ പഠിച്ച് പ്രവേശനപരീക്ഷ പാസായ അതുൽ, നഷ്ടപ്പെട്ട സീറ്റിലേക്കുള്ള വാതിൽ നിയമവഴിയിലൂടെ തുറക്കാനുള്ള പല ശ്രമങ്ങൾ പരാജയപ്പെട്ട് ഒടുവിൽ സുപ്രീം കോടതിയിൽ എത്തുകയായിരുന്നു.അതുലിൽനിന്നു പണം സ്വീകരിച്ച് സീറ്റ് നൽകാൻ നിർദേശിക്കുന്നതിനു പൂർണനീതി ഉറപ്പാക്കാനുള്ള സവിശേഷാധികാരം പ്രയോഗിച്ച സുപ്രീം കോടതിയെ വിദേശമാധ്യമങ്ങളുൾപ്പെടെ പ്രകീർത്തിച്ചു. ‘ദരിദ്രവിദ്യാർഥിയുടെ കോളജ് മോഹം സാക്ഷാത്കരിച്ച് ഇന്ത്യയിലെ പരമോന്നത കോടതി’യെന്നു ബിബിസി.