രാഹുൽ പറയുന്നു: സിപിഎമ്മിലെ ആ ‘മൂന്നാം’ വിഭാഗം പാലക്കാട് കോണ്‍ഗ്രസിന് വോട്ട് ചെയ്യും; ‘ജയിലിൽ കിടന്നത് ത്യാഗമാണോ എന്ന് ഇടതുപക്ഷം പറയട്ടെ’
Mail This Article
പാലക്കാട് ചുരം കേരളത്തിലേക്കുള്ള ഹൃദയവാതിൽ എന്നാണ് അറിയപ്പെടുന്നത്. വരണ്ടതും തണുത്തതുമായ പർവതക്കാറ്റുകൾ ചുരം കടന്നെത്തുന്നതുപോലെ ഇപ്പോൾ ഉപതിരഞ്ഞെടുപ്പിന്റെ ഉച്ചിപൊള്ളുന്ന ചൂടുകാറ്റാണ് പാലക്കാട്ടെങ്ങും. അടുത്തുതന്നെ നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും ഒന്നരവർഷം മാത്രമകലെ നിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപുള്ള ഡ്രസ് റിഹേഴ്സലായും ഇതു മാറിക്കഴിഞ്ഞു. മണ്ഡലത്തിന്റെ ചരിത്രത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ ഏറെയും നിയമസഭയിലേക്ക് അയച്ചിട്ടുള്ള പാലക്കാട്, ഇടതുപക്ഷത്തിനും ഇപ്പോൾ ബിജെപിക്കും ശക്തമായ വേരോട്ടമുള്ള മണ്ണുകൂടിയാണ്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കോൺഗ്രസ് ജയിക്കുന്ന പാലക്കാട് ഇത്തവണ യുഡിഎഫിനായി മൽസരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ്. പ്രതിപക്ഷരാഷ്ട്രീയത്തിൽ വാക്കിന്റെ കുന്തമുനയും പോരാട്ടമുഖവുമാണ് ഈ യുവനേതാവ്. ഇടതുപക്ഷത്തുനിന്ന് അപ്രതീക്ഷിത വെല്ലുവിളിയായി മുൻ കോൺഗ്രസ് നേതാവ് പി. സരിനാണു മത്സരിക്കുന്നത്. സിപിഎം– ബിജെപി കൂട്ടുകെട്ട് പാലക്കാടുണ്ടെന്നാണ് കോൺഗ്രസിന്റെ നിരന്തര ആരോപണങ്ങളും. പടയോട്ടങ്ങളേറെക്കണ്ട പാലക്കാടിന്റെ മണ്ണിൽ പുത്തരിയങ്കം കുറിക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രതീക്ഷകളും സാധ്യതകളും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.