അപകടം പിണറായി നേരത്തെ അറിഞ്ഞു! ജയരാജന്റെ പുസ്തകം തകർക്കുമോ സിപിഎം സ്വപ്നം? ഇത് അവർക്കുള്ള സന്ദേശം
Mail This Article
സാർവദേശീയ തലത്തിൽ ഇസ്ലാമിക തീവ്രവാദ സംഘടനകൾ സാമ്രാജ്യത്വത്തിന് എതിരായതിനാൽ അവരെ കമ്യൂണിസ്റ്റുകാർ പിന്തുണയ്ക്കേണ്ടതല്ലേ? ഛെ.. അതൊക്കെ വർഗീയ സംഘടനകളാണ്, അവരോടൊന്നും ഒരു അനുഭാവവും പാടില്ല. ചോദ്യകർത്താവായ മാധ്യമപ്രവർത്തകൻ വീണ്ടും വീണ്ടും പലമട്ടിൽ ഇതേ ചോദ്യം ആവർത്തിച്ചെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവൻ ഓരോ തവണയും അവജ്ഞയോടെ ആ നിലപാട് തള്ളിക്കളഞ്ഞു. ആ ചൂണ്ടയിൽ കൊത്തിയില്ല. ജാതി, മത വിഷയങ്ങളിൽ തീവ്രവാദ നിലപാടുള്ള സംഘടനകളോടുള്ള കമ്യൂണിസ്റ്റുകാരുടെ പൊതു നിലപാടാണ് വെളിയത്തിന്റെ ‘ആട്ടി’ലൂടെ അന്ന് പുറത്തുവന്നത്. തീവ്രനിലപാടുകളുള്ള സംഘടനകളുടെ അമേരിക്കൻ വിരുദ്ധത ആയുധമാക്കി മുസ്ലിം ലീഗിന്റെ അപ്രമാദിത്വം തകർക്കാനുള്ള നീക്കങ്ങളുടെ സൂചനകളാണ് രണ്ടു പതിറ്റാണ്ടോളം മുൻപ് നടന്ന അഭിമുഖത്തിലെ ചോദ്യങ്ങളിൽ പതിയിരുന്നത്. എന്നാൽ ഇതേ നീക്കം കേരള രാഷ്ട്രീയത്തിൽ വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. മലബാറിലെ ലീഗിന്റെ പല ശക്തികേന്ദ്രങ്ങളും തിരഞ്ഞെടുപ്പിൽ തകർക്കാൻ സിപിഎമ്മിന്റെ നീക്കങ്ങൾക്ക് കഴിഞ്ഞു. രണ്ടു പതിറ്റാണ്ടോളമായി വിജയകരമായി നടന്ന ഈ രാഷ്ട്രീയ തന്ത്രത്തിൽ ഒരു യു ടേൺ സംഭവിക്കുകയാണെന്നു വേണം കരുതാൻ. അതിന്റെ സൂചന ആയും പി. ജയരാജന്റെ പുസ്തകത്തെ കാണാം. ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ഉണ്ടായ ആശങ്കയും അരക്ഷിതത്വവും മുതലെടുത്ത് സമുദായത്തിനുള്ളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറിയെന്നാണ് പി. ജയരാജൻ പറയുന്നത്. അതായത് മൂന്നു പതിറ്റാണ്ടോളമായി ഈ നുഴഞ്ഞുകയറ്റം നടക്കുന്നുവെന്നാണ് ജയരാജൻ വ്യക്തമാക്കുന്നത്.