‘ആ ട്രോളി ബാഗ് സിപിഎമ്മിന് ബാധ്യത’; അപരന്മാരില്ലാത്തത് അന്തർധാരയോ! തിളച്ചുമറിഞ്ഞ് പാലക്കാട് ‘ട്രയാംഗിൾ’
Mail This Article
തേരോട്ടത്തിന് കൽപ്പാത്തി ഒരുങ്ങുന്നതിനൊപ്പം പാലക്കാട്ടേക്ക് ചുരം കടന്ന് കാറ്റെത്തും. നാട്ടിൽ എവിടെ നിന്നാലും പാലക്കാടൻ കാറ്റിന്റെ വരവും പോക്കും അറിയാം. നെടുങ്ങൻ മരങ്ങൾ പിടിച്ചു കുലുക്കുന്ന കാറ്റ് നിലത്തെ പൊടിമണ്ണ് നാലാൾ പൊക്കത്തിൽ പറത്തും. ഇക്കുറി തേരിന് പാലക്കാടൻ കാറ്റിനൊപ്പം ഒരു കാറ്റു കൂടിയുണ്ട്. രാഷ്ട്രീയക്കാറ്റാണത്. കണ്ണും മൂക്കും അടച്ച് ഒന്നും തിരിയാത്ത മട്ടിൽ ആളെ ആക്കുന്ന കാറ്റു വരുമ്പോൾ പാലക്കാട്ടുകാർ ഇങ്ങനെ ചോദിക്കും. ഇതെന്ത് കാറ്റ്, ആ. ഇതേ സ്വഭാവം തന്നെയാണ് ഇപ്പോൾ രാഷ്ട്രീയക്കാറ്റിനും. ആകെ പൊടിപടലം. എന്നും വിവാദവും പരസ്പരം പോർവിളിയും. ഇതു കാണുമ്പോൾ മറ്റുള്ളവരും ചോദിക്കും. എന്താണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇത്രയും ബഹളം. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാടും മുൻ മന്ത്രി കെ. രാധാകൃഷ്ണന്റെ തട്ടകമായ ചേലക്കരയിലും പാലക്കാടിനൊപ്പം ഉപതിരഞ്ഞെടുപ്പു നടക്കുകയാണ്. എന്നാൽ പാലക്കാട്ടെ തിരഞ്ഞെടുപ്പു ചൂടു അൽപം ജാസ്തിയാണ്. എല്ലാ മുന്നണികളുടെയും മുതിർന്ന നേതാക്കളും മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം തമ്പടിച്ചതോടെ പാലക്കാട് ഹോട്ടൽമുറി പോലും ലഭിക്കാത്ത അവസ്ഥയാണ്. മുൻ കോൺഗ്രസുകാരൻ കൂടിയായ ഡോ. പി. സരിൻ എൽഡിഎഫ് സ്ഥാനാർഥി ആയതോടെ കോൺഗ്രസിലും സിപിഎമ്മിലും കമ്പക്കെട്ടിന് തീപിടിച്ചു. രാഹുൽ സ്ഥാനാർഥി ആയതോടെ പുറത്തു വന്ന കത്ത് കോൺഗ്രസിൽ ലെറ്റർ ബോംബായി.