ഓഫിസിനൊപ്പം ഇനി വീടും; പേപ്പർ നോക്കാതെ പ്രിയങ്ക പറഞ്ഞു 'ഞാൻ ഇവിടേക്ക് വരും'; പോളിങ് കുറഞ്ഞതിനും കാരണമുണ്ട്!
Mail This Article
വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥിയായ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പോളിങ് ദിനം ബൂത്തുകളിൽ എത്തിച്ചേർന്നത് വ്യാപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ അവിടെ മത്സരിച്ച സഹോദരൻ രാഹുൽ ഗാന്ധി പോളിങ് ദിനം വയനാട് തങ്ങിയിരുന്നില്ല.ദേശീയ നേതാക്കൾ വോട്ടെടുപ്പു ദിവസം ബൂത്ത് സന്ദർശനത്തിനു മെനക്കടാറില്ല എന്നതു കൊണ്ടു തന്നെ പ്രിയങ്ക ഡൽഹിക്ക് മടങ്ങുമെന്നായിരുന്നു കേരളത്തിലെ നേതാക്കളും വിചാരിച്ചത്. അവരെ അതിശയിപ്പിച്ചു കൊണ്ട് പോളിങ് കഴിഞ്ഞെ മടക്കയാത്രയുള്ളൂ എന്നു പ്രിയങ്ക തീരുമാനിച്ചു. ∙ എന്തുകൊണ്ട് പോളിങ് കുറഞ്ഞു? ആ ദിവസത്തെ പ്രിയങ്കയുടെ വയനാട്ടിലെ സാന്നിധ്യവും പക്ഷേ പോളിങ്ങ് ഉയർത്താൻ സഹായകരമായില്ല. രാഹുൽഗാന്ധി കഴിഞ്ഞ രണ്ടുതവണ മത്സരിച്ചപ്പോഴത്തേക്കാളും പോളിങ് കുറഞ്ഞു. അതു പെട്ടെന്ന് കോൺഗ്രസ് ക്യാംപുകളിൽ അങ്കലാപ്പുണ്ടാക്കി. പുറമേ കണ്ട ആവേശം താഴെ വരെ എത്തിക്കാൻ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിനു കഴിഞ്ഞില്ലേ എന്ന ആശങ്ക തന്നെ കാരണം. എന്നാൽ പോളിങ് കുറഞ്ഞതിന് ഒന്നിലേറെ കാരണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങൾ കണ്ടെത്തി. തുടർച്ചയായ തിരഞ്ഞെടുപ്പുകൾ, ഒരു മഹാദുരന്തം അവശേഷിപ്പിച്ചിരിക്കുന്ന വലിയ വേദനകൾ, എൽഡിഎഫ് ക്യാംപിലെ മ്ലാനത, സിപിഎം സജീവമായിരുന്നില്ലെന്ന സിപിഐക്കകത്തെ അമർഷം തുടങ്ങിയവയും കോൺഗ്രസിന്റെ സംഘടനാ ദൗർബല്യവുമായി ഇതുമായി ചേർത്തു വായിക്കപ്പെടുന്നു.