ഹാർദിക്, താങ്കളാണ് ഹീറോ! ഇന്ത്യയാണ് ചാംപ്യന്മാർ; കപ്പുയർത്തി രോഹിത്തും കോലിയും
Mail This Article
അസാധ്യമെന്ന് ഒരു ഘട്ടത്തിൽ തോന്നിച്ച ലോകകപ്പ് വിജയം നമ്മൾ നേടി. ഫൈനലിന്റെ താരം മഹാനായ വിരാട് കോലിയായിരിക്കും. ഈ ടൂർണമെന്റിന്റെ താരം ലോകക്രിക്കറ്റിൽ ഏതൊരു ബാറ്ററും ഭയക്കുന്ന ജസ്പ്രീത് ബുമ്രയുമായിരിക്കും. അവർ അതിനു തീർച്ചയായും അർഹരുമാണ്. പക്ഷേ കളി ദക്ഷിണാഫ്രിക്കയുടെ വരുതിയിൽ ആക്കിക്കഴിഞ്ഞുവെന്നു തോന്നിച്ചുകൊണ്ട് മുന്നേറിയ ഹെയ്ൻറിച് ക്ലാസന്റെ വിക്കറ്റെടുക്കാൻ പതിനേഴാമത്തെ ഓവറിലെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യയ്ക്കു കഴിഞ്ഞില്ലായിരുന്നെങ്കിൽ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ കുളിരു കോരിയ ആ വിജയാഘോഷ നിമിഷങ്ങൾ ജനിക്കില്ലായിരുന്നു. ഹാർദിക്, നിങ്ങളാണ് 2024 ട്വന്റി20 ലോകകപ്പ് ഫൈനൽ ദിനത്തിലെ ഹീറോ! ഇന്ത്യൻ ക്രിക്കറ്റിലെ ഒരു താരവും സമീപകാലത്ത് ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ല. വാതുവയ്പുമായി ബന്ധപ്പെട്ട കെണിയിൽ ചില താരങ്ങൾ മുൻപ് പെട്ടുപോയത് സ്വയംകൃതാനർഥമെന്നേ കരുതാൻ കഴിയൂ. എന്നാൽ,ഐപിഎല്ലിൽ സംഭവിച്ചത് അതൊന്നുമായിരുന്നില്ല. രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാക്കാൻ ആ ടീം മാനേജ്മെന്റ എടുത്ത തീരുമാനത്തിന്റെ പേരിൽ സ്വന്തം ടീമിന്റെ ആരാധകരിൽ നിന്നുവരെ ഹാർദിക് കൂവൽ നേരിട്ടു. ആരാധകരുടെ രോഷവും അത് ഉണ്ടാക്കിയ വിവാദങ്ങളും സമ്മർദങ്ങളും അയാളുടെ കുടുംബ ബന്ധങ്ങളെവരെ ബാധിച്ചു.