ഒക്ടോബര്‍ ഒന്നു മുതല്‍ ഈ സാമ്പത്തിക മാറ്റങ്ങളുണ്ടാകും, ജാഗ്രത വേണം
Mail This Article
നമ്മുടെ നിരന്തര സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പല ചട്ടങ്ങളിലും ഒക്ടോബര്‍ ഒന്നു മുതല്‍ മാറ്റങ്ങള്‍ വരും. ബാങ്കിങ് മുതല്‍ പെന്‍ഷനുമായി ബന്ധപ്പെട്ട പല പരിഷ്‌കാരങ്ങളും ഇതില്‍ ഉള്‍പ്പെടും. അതുകൊണ്ട് ഒക്ടോബര്‍ ഒന്നു മുതലുള്ള ഈ സാമ്പത്തിക മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം.
ചെക്കുകള്‍ അസാധുവാകും
ശ്രദ്ധിക്കുക, ഒക്ടോബര്‍ ഒന്നു മുതല്‍ ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവാകും. രാജ്യത്തെ മുന്‍നിര പൊതുമേഖലാ ധനകാര്യസ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് അതിന്റെ അക്കൗണ്ടുടമകള്‍ക്ക് ചെക്ക് ബുക്ക് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ട് ലയന ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അസാധുവാകും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ചെക്ക് ബുക്കുകളാണ് ഒക്ടോബര്‍ ഒന്നു മുതല്‍ അസാധുവാകുക. ഈ രണ്ട് ബാങ്കുകളും 2020 ഏപ്രിലില്‍ പി എന്‍ ബിയില്‍ ലയിച്ചിരുന്നു. കൂടാതെ അലഹാബാദ് ബാങ്കിന്റെയും പഴയ ചെക്ക് ബുക്കുകള്‍ റദ്ദാകും. പുതിയ ഐ എഫ് എസ് സി, എം ഐ സി ആര്‍ കോഡുകള്‍ ഉള്‍പ്പെടുന്ന പി എന്‍ ബി ചെക്ക് ബുക്ക് കൈപ്പറ്റി വേണം സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍.
ഓട്ടോ ഡെബിറ്റ്
മാസം അടവുകളുള്ള വിവിധ വായ്പകളുടെ ഇ എം ഐ, എസ് ഐ പി, ഇന്‍ഷുറന്‍സ് പ്രീമിയം, കൂടാതെ കൃത്യതീയതികളില്‍ ജനറേറ്റ് ചെയ്യുന്ന യുട്ടിലിറ്റി ബില്ലുകള്‍ ഇവയെല്ലാം ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ ശ്രദ്ധിക്കണം. ഒക്ടോബര്‍ ഒന്നു മുതല്‍ കാര്‍ഡിലൂടെ നടത്തുന്ന ഓട്ടോ ഡെബിറ്റ് പണകൈമാറ്റത്തിന് ഒരോന്നിനും അക്കൗണ്ടുടമകള്‍ പ്രത്യേകമായി അനുമതി നല്‍കണം. ഇപ്പോള്‍ ഇത് വേണ്ട. തുടര്‍ച്ചയായി ഇങ്ങനെ കാര്‍ഡു വഴി നടത്തുന്ന ഓട്ടോ ഡെബിറ്റ് ഇടപാടിന് അധിക സുരക്ഷ ഏര്‍പ്പെടുത്താനുള്ള ആര്‍ ബി ഐ നിര്‍ദേശത്തെ തുടര്‍ന്നാണിത്. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഇനി പ്രത്യേകം അനുമതി വേണ്ടി വരും. കൂടാതെ 5000 രൂപയ്ക്ക് മുകളിലാണ് ഇങ്ങനെ കൈമാറുന്നതെങ്കില്‍ അധിക സുരക്ഷ എന്ന നിലയില്‍ വണ്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) നിര്‍ബന്ധമായിരിക്കും. പണകൈമാറ്റത്തിന്റെ 24 മണിക്കൂറിന് മുമ്പ് അക്കൗണ്ടുടമകള്‍ക്ക് അനുമതിക്കായി ബാങ്കുകള്‍ എസ് എം എസ് അയക്കും. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ച് അനുമതി നല്‍കുകയോ നിരസിക്കുകയോ ആകാം.
ലൈഫ് സര്‍ട്ടിഫിക്കറ്റ്
80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിന് കിഴിലുളള ജീവന്‍ പ്രമാണ്‍ കേന്ദ്രത്തിലൂടെ ഡിജിറ്റലായി സമര്‍പ്പിക്കാം. ഒക്ടോബര്‍ ഒന്നു മുതലാണ് ഈ സൗകര്യം ഉണ്ടാകുക.
എല്‍ പി ജി കണക്ഷന് ചെലവേറും
പ്രധാനമന്ത്രി ഉജ്വല യോജനയുടെ കീഴില്‍ എല്‍ പി ജി കണക്ഷന്‍ എടുക്കാന്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ചെലവ് ഏറും. പി എം യു വൈ യുടെ കീഴില്‍ സൗജന്യ സിലണ്ടര്‍ ലഭിക്കുന്നതിനുള്ള അന്തിമ സമയ പരിധി സെപ്റ്റംബറില്‍ അവസാനിക്കുന്നതോടെയാണ് ഇത്. അതായത് എല്‍ പി ജി കണക്ഷന്‍ ഇനി സൗജന്യമായിരിക്കില്ല.
English Summary: These Changes will Happen to Your Financial Activities