അക്കൗണ്ട് മാറി അയച്ച പണം തിരികെ കിട്ടുമോ?
Mail This Article
അത്യാവശ്യമായി കുറച്ചു തുക സഹോദരിയുടെ അക്കൗണ്ടിലേക്ക് അയക്കാൻ പോയതാണു ലതിക. മകൻ പറഞ്ഞുതന്നപ്പോഴാണോ താൻ എഴുതിയപ്പോഴാണോ എന്ന കാര്യം ലതികയ്ക്ക് നിശ്ചയമില്ല, നെഫ്റ്റ് അയക്കാനുള്ള ഫോമിൽ എഴുതിക്കൊടുത്ത അക്കൗണ്ട് നമ്പർ തെറ്റി എന്നതു വാസ്തവം.
തിരിച്ചെടുക്കൽ എളുപ്പമല്ല
സഹോദരിയുടെ അക്കൗണ്ടിലേക്കു പോവുന്നതിനു പകരം മറ്റൊരാളുടെ അക്കൗണ്ടിലാണ് തുക ക്രെഡിറ്റായത്. അപ്പോഴേക്കും ലതികയും മകനും വീട്ടിലെത്തിക്കഴിഞ്ഞിരുന്നു. തെറ്റി അയച്ച തുക തിരിച്ചെടുത്ത് ശരിക്കും അയക്കേണ്ട അക്കൗണ്ടിലേക്ക് അയക്കാമോ എന്നു ചോദിച്ച് ബാങ്കിലേക്കു വിളിച്ചപ്പോഴാണ് ലതിക ശരിക്കും വിരണ്ടുപോയത്. അങ്ങനെ തിരിച്ചെടുക്കണമെങ്കിൽ തുക ക്രെഡിറ്റായ അക്കൗണ്ട് ഉടമയുടെ സമ്മതം വേണമത്രെ!
ഒന്നും രണ്ടുമല്ല, നാൽപ്പതിനായിരം രൂപയാണ് തെറ്റി അയച്ചുപോയത്.തെറ്റിക്കിട്ടിയ ആൾ സമ്മതിച്ചില്ലെങ്കിൽ തന്റെ പണം നഷ്ടപ്പെടുമോ എന്നോർത്ത് ലതികയ്ക്ക് ആധിയായി.
എന്താണ് റിസർവ് ബാങ്ക് പറയുന്നത്?
അക്കൗണ്ടു മാറി നിക്ഷേപിക്കപ്പെട്ട തുക തിരിച്ചെടുക്കാൻ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം കൂടിയേ തീരൂ എന്നാണ് റിസർവ് ബാങ്ക് നിയമങ്ങൾ അനുശാസിക്കുന്നത്. രണ്ടു വ്യക്തികൾ തമ്മിലുള്ള ഇടപാട് നടത്തിക്കൊടുക്കുന്ന ഇടനിലക്കാർ മാത്രമാണ് ബാങ്കുകൾ എന്നതിനാൽ തെറ്റി ക്രെഡിറ്റായ തുകയാണെങ്കിൽ പോലും അക്കൗണ്ട് ഉടമയുടെ സമ്മതം കൂടാതെ തിരിച്ചെടുക്കാൻ ബാങ്കുകൾക്ക് അനുവാദമില്ല.
ഫണ്ട് ട്രാൻസ്ഫർ ചെയ്യുമ്പോൾ ബാങ്കുകാർ അക്കൗണ്ട് നമ്പരും പേരും ഒത്തുനോക്കില്ലേ?
സ്വന്തം ബാങ്കിലെ അക്കൗണ്ടുകളിലേക്കു നടത്തുന്ന ഇടപാടുകളിൽ മാത്രമാണ് ബാങ്കുകാർക്ക് പേരും അക്കൗണ്ട് നമ്പരും ഒത്തുനോക്കാൻ സാധിക്കുന്നത്. മറ്റു ബാങ്കുകളിലെ അക്കൗണ്ടിലെ പേരും വിലാസവുമൊന്നും ഒരു ബാങ്കിനും ആധികാരികമായി ലഭ്യമല്ല. അതുകൊണ്ടുതന്നെ, ഇടപാടു നടത്തുന്നയാൾ നൽകുന്ന അക്കൗണ്ട് നമ്പറിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും തുക വരവുവെക്കുന്നത്.
തെറ്റി അയച്ച തുക തിരികെ ലഭിക്കാൻ എന്താ ചെയ്യേണ്ടത്?
തെറ്റി ലഭിച്ചയാൾ പണം പിൻവലിക്കുന്നില്ല എന്നുറപ്പാക്കുകയാണ് ആദ്യം വേണ്ടത്. അതുകൊണ്ട്, ഫണ്ട് തെറ്റി അയച്ച വിവരം എത്രയും വേഗം നമ്മുടെ ബാങ്കിനെ അറിയിക്കുക. ഫണ്ട് പോയ ബാങ്കിലേക്ക് നമുക്ക് നേരിട്ടു ബന്ധപ്പെടാനാവില്ല എന്നതിനാൽ നമ്മുടെ ബാങ്ക് മുഖേനയാണ് കത്തിടപാടൊക്കെ നടത്തേണ്ടത്. അക്കൗണ്ട് ഉടമ തന്റെ സമ്മതപത്രം നൽകുന്ന മുറയ്ക്ക്, തെറ്റി അയച്ച പണം നമ്മുടെ അക്കൗണ്ടിലേക്ക് തിരികെ ലഭിക്കുന്നതാണ്.
തുക പിൻവലിക്കുകയോ സമ്മതപത്രം നൽകാതിരിക്കുകയോ ചെയ്താൽ എന്താണു പോംവഴി?
ഫണ്ട് തെറ്റിക്കിട്ടിയ വ്യക്തി തുക പിൻവലിക്കുകയോ സമ്മതപത്രം നൽകാതിരിക്കുകയോ ചെയ്താൽ നിയമപരമായി നേരിടുക എന്ന മാർഗം മാത്രമാണ് അവശേഷിക്കുന്നത്.
അക്കൗണ്ട് മാറി ഫണ്ട് അയക്കാതിരിക്കാൻ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത്?
പല ബാങ്കുകളുടേയും അക്കൗണ്ട് നമ്പറിൽ പതിനാറ് അക്കങ്ങൾ വരെയുള്ളതിനാൽ എഴുതുമ്പോൾ തെറ്റാനുള്ള സാധ്യത കൂടുതലാണ്. ബാങ്കിൽ ചെന്നാണു ട്രാൻസ്ഫർ ചെയ്യുന്നതെങ്കിൽ അക്കൗണ്ട് നമ്പർ ശ്രദ്ധിച്ചു മനസിലാക്കി എഴുതുക. പല ബാങ്കുകളും അക്കൗണ്ട് നമ്പർ രണ്ടുതവണ എഴുതാൻ ആവശ്യപ്പെടാറുണ്ട്. ആ സാഹചര്യത്തിൽ, ആദ്യം എഴുതിയതു നോക്കിപ്പകർത്താതിരിക്കാൻ ശ്രദ്ധിക്കുക.
മൊബൈൽ ബാങ്കിങ്/നെറ്റ് ബാങ്കിങ് ഉപയോഗിച്ചാണ് ഫണ്ട് അയക്കുന്നതെങ്കിൽ ആദ്യം ചെറിയൊരു തുക അയച്ച് അക്കൗണ്ട് നമ്പർ ശരിയാണെന്ന് ഉറപ്പാക്കി, പേയിയെ ആഡ് ചെയ്തിട്ടു മാത്രം വലിയ തുക അയക്കുക.
English Summary : How to Get Back Money If You Sent it to a Wrong Account Number?