ADVERTISEMENT

വർഷങ്ങൾകൊണ്ട് പൗരൻമാർ സ്വരുക്കൂട്ടിയ ബാങ്ക്നിക്ഷേപങ്ങൾ ചൈനീസ് സർക്കാർ മരവിപ്പിച്ചു. അതിന് എതിരെ ജനങ്ങൾ  നടത്തിയ സമാധാന പൂർണമായ പ്രതിഷേധം അധികാരികൾ അടിച്ചൊതുക്കാൻ ശ്രമിച്ചതോടെ  അക്രമാസക്തമായി. 

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ ചൈനീസ് ബാങ്കുകളിൽ നിന്നും സ്വന്തം പണം തിരിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്  ജനങ്ങൾ. കോവിഡ് പ്രതിസന്ധി മൂലം വീണ്ടും അടച്ചുപൂട്ടലിലേക്ക് പോയ ചൈനീസ് സമ്പദ് വ്യവസ്ഥയിൽ  ഇപ്പോൾ ഒന്നിനു പിറകെ  പ്രശ്നങ്ങൾ തല പൊക്കുകയാണ്.  

മരവിപ്പിച്ച നിക്ഷേപങ്ങൾ 

ഏപ്രിൽ മുതൽ ചൈനയിലെ സെൻട്രൽ ഹനാൻ പ്രവിശ്യയിലെ നാല് ഗ്രാമീണ ബാങ്കുകൾ ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള നിക്ഷേപങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ  ഉടമകൾക്ക് സ്വന്തം അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാനാകുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ ബാങ്കിൽ നിക്ഷേപിച്ച പണം പോലും തിരിച്ചെടുക്കാൻ സാധിക്കാത്തത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. അതോടെയാണ് സമാധാനപരമായ പ്രതിഷേധത്തിനു ഇറങ്ങാൻ അവർ നിർബന്ധിതരായത്.    

ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ചൈനയിലെ നയത്തിന് വർഷങ്ങളോളം പഴക്കമുണ്ട്. പ്രതിഷേധം ന്യായമാണോ അല്ലയോ എന്നതിന് ചൈനയിൽ പ്രസക്തിയില്ല എന്ന് ഒരിക്കൽക്കൂടി ഈ സംഭവം തെളിയിക്കുന്നു. പണം പിൻവലിക്കാൻ നിക്ഷേപകരെ അനുവദിക്കാത്തത് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നാണ് സുചന. ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും, ആഗോളമാന്ദ്യം ചൈനയെ തൊടില്ലെന്ന വീമ്പു പറച്ചിലുകൾ ലോകത്തിന്റെ കണ്ണിൽ പൊടിയിടാൻ മാത്രമേ ഉപകരിക്കൂ. 

ഇന്ത്യയിൽ ബാങ്കു തകർന്നാൽ എത്ര തിരിച്ചുകിട്ടും? 

ഇന്ത്യയിൽ ബാങ്കുകൾ തകർന്നാൽ ബാങ്ക് അക്കൗണ്ടുകൾക്ക് സുരക്ഷ നൽകുന്ന ഇൻഷുറൻസ് നിയമം അനുസരിച്ച്, 5 ലക്ഷം രൂപ വരെ  ഒരു ബാങ്കിൽ നിന്നും ലഭിക്കും. അതിനാൽ എല്ലാ സമ്പാദ്യവും ഒരു ബാങ്കിൽ തന്നെ നിക്ഷേപിക്കാതെ പല ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നതാണ് ബുദ്ധി. 90 ദിവസത്തിനുള്ളിൽ അക്കൗണ്ട് ഉടമകൾക്ക് അവരുടെ ഇൻഷ്വർ ചെയ്ത നിക്ഷേപ തുക കൈപ്പറ്റാൻ കഴിയുന്ന രീതിയിൽ  'ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ' നിയമത്തിലെ ഭേദഗതി ഓഗസ്റ്റിൽ കേന്ദ്രം പാസാക്കിയിരുന്നു. പ്രശ്നങ്ങളുണ്ടായ പി എം സി ബാങ്ക്, യെസ് ബാങ്ക് , ലക്ഷ്മി വിലാസ് ബാങ്ക് എന്നിവയിലെ പ്രശ്നങ്ങൾ സർക്കാർ ഇടപെട്ട് രമ്യമായി നിക്ഷേപകരുടെ താല്പര്യങ്ങൾ സംരക്ഷിച്ച് ഒത്തുതീർന്നിരുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) ആണ് ഓരോ നിക്ഷേപകനും 5 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്നത്. 5 ലക്ഷം രൂപയിൽ കൂടുതൽ അക്കൗണ്ടുള്ള നിക്ഷേപകർക്ക് ബാങ്ക് തകരുന്ന സാഹചര്യത്തിൽ പണം വീണ്ടെടുക്കാൻ നിയമപരമായ മാർഗമില്ല. ബാങ്കുകളിൽ സുരക്ഷിതമായി നിക്ഷേപിച്ചിരിക്കുന്ന പണമാണെങ്കിലും, ഒരു തകർച്ചയുണ്ടായാൽ എത്ര പണം ഉണ്ടെങ്കിലും 5  ലക്ഷം മാത്രമേ തിരിച്ചുകിട്ടുകയുള്ളൂ എന്നൊരു അപകട സാധ്യത ബാങ്ക് നിക്ഷേപങ്ങളിൽ  ഒളിഞ്ഞിരിക്കുന്നത് ഓരോ നിക്ഷേപകനും അറിഞ്ഞിരിക്കണം.

English Summary : China is Facing Serious Economic Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com