ADVERTISEMENT

വായ്പകൾ കൊടുക്കുന്നതിലെ ക്രമക്കേടുകൾ കൂടുന്നതിനാൽ റിസർവ് ബാങ്ക്, ബാങ്കുകളെയും, ഫിൻ  ടെക്ക് കമ്പനികളെയും നിലയ്ക്ക് നിർത്താൻ വടിയെടുത്തിരിക്കുകയാണ്. സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകളുടെയും, ക്രെഡിറ്റ് കാർഡുകളുടെയും ഉയർന്ന വളർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നയങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി  സുരക്ഷിതമല്ലാത്ത ഉപഭോക്തൃ വായ്പകളിൽ കേന്ദ്ര ബാങ്ക് 'ക്രെഡിറ്റ് റിസ്ക് വെയിറ്റ്' ഉയർത്തിയിട്ടുണ്ട്. ഇത് ബാങ്കുകൾക്കും നോൺ-ബാങ്ക് ഫിനാൻഷ്യൽ കമ്പനികൾക്കും വ്യക്തിഗത  വായ്പ നൽകുന്നത്  ചെലവേറിയതാക്കും. എന്നാൽ ഭവനവായ്പ, വിദ്യാഭ്യാസവായ്പ, വാഹനവായ്പ, സ്വർണം, സ്വർണാഭരണങ്ങൾ തുടങ്ങിയ  സുരക്ഷിത വായ്പകളെ ആർബിഐയുടെ നടപടി ബാധിക്കില്ല.

വ്യക്തിഗത വായ്പകൾ കൂടുന്നു

ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങളും വ്യക്തിഗത വായ്പകൾ കൊടുക്കുന്നത് കൂടുന്നുണ്ട്.  ഈടില്ലാതെ കൊടുക്കുന്ന വായ്പകളുടെ വളർച്ചക്ക് തടയിടാനാണ്  റിസർവ് ബാങ്ക് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ഇനി മുതൽ ബാങ്കുകളും  എൻ‌ബി‌എഫ്‌സികളും നൽകുന്ന ഉപഭോക്തൃ വായ്പകൾ മുമ്പത്തെ 100% നെ അപേക്ഷിച്ച് 125% 'ക്രെഡിറ്റ് റിസ്ക് ഭാരം' ചുമത്തും.  ഇതുമൂലം വ്യക്തിഗത വായ്പകൾ കൊടുക്കുന്ന ബാങ്കിനും, വ്യക്തിഗത വായ്പകൾ എടുക്കുന്ന ഉപഭോക്താവിനും 'ചെലവ്' കൂടുമെന്നർത്ഥം. 

വായ്പ വളർച്ച കൂടുന്നു 

സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകളും, ക്രെഡിറ്റ് കാർഡുകളും കഴിഞ്ഞ മൂന്ന് വർഷമായി ഗണ്യമായ വളർച്ച കൈവരിച്ചു. സെപ്തംബർ 30 വരെ, ബാങ്കുകൾ നൽകിയ സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകൾ 12.4 ലക്ഷം കോടി രൂപയായിരുന്നു, ഇത് വർഷാവർഷം 26% വർധിച്ചു. ക്രെഡിറ്റ് കാർഡ് കുടിശികയുള്ള വായ്പകൾ 30 ശതമാനം വർധിച്ച് 2.17 ലക്ഷം കോടി രൂപയാണ്.

സുരക്ഷിതമല്ലാത്ത വായ്പകൾക്കുള്ള റിസ്‌ക് വെയിറ്റ് ഉയർത്തുന്നതിനു പുറമേ, റീട്ടെയിൽ എൻ‌ബി‌എഫ്‌സികളിലേക്കുള്ള ബാങ്ക് ലോണുകളും ഉയർന്ന റിസ്കാണെ ന്ന് സെൻട്രൽ ബാങ്ക് പറഞ്ഞു. വായ്പയെടുക്കുന്നവരെ ബോധവൽക്കരിക്കാൻ ശ്രമം നടത്തിയിട്ടും വിജയിക്കാത്തതിനാലാണ് കർശനമായി നയങ്ങൾ മാറ്റി കൊണ്ട്  വ്യക്തിഗത വായ്പകളുടെയും , ക്രെഡിറ്റ് കാർഡുകളുടെയും വളർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ശ്രമിക്കുന്നത്.

എങ്ങനെ ഫിൻ ടെക് കമ്പനികളെ ബാധിക്കും?

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പല ന്യൂ ജനറേഷൻ ഫിൻ  ടെക് കമ്പനികളുടെയും കണക്കു ബുക്കിൽ കള്ളക്കളികൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് റിസർവ് ബാങ്ക് കർശന തീരുമാനങ്ങൾ എടുക്കുന്നത്.  ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ Transunion CIBIL പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം, വ്യക്തിഗത വായ്പ  പിഴവുകൾ മുൻനിര കമ്പനികളിൽ പോലും  വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഹ്രസ്വ കാലത്തേക്ക് ഇത്തരം കമ്പനികൾ ലോൺ ബുക്ക് പെരുപ്പിച്ചു കാട്ടുന്നത് ഓഹരി വിപണിയിൽ ഈ  കമ്പനികളുടെ ഓഹരികൾ കുതിച്ചുയരാൻ ഇടയാക്കുമെങ്കിലും, ദീർഘ  കാലത്തിൽ അത് ഉപഭോക്താക്കളെയും, സമ്പദ് വ്യവസ്ഥയെയും മോശമായി ബാധിക്കും. 2008 ലെ അമേരിക്കയിലെ സമ്പദ് വ്യവസ്ഥ അഭിമുഖീകരിച്ച വായ്പ പ്രതിസന്ധി ലോകമെമ്പാടും സാമ്പത്തിക സ്ഥാപനങ്ങളെ ഉലച്ച പോലെ വീണ്ടും പ്രതിസന്ധികൾ ഇല്ലാതിരിക്കാൻ കേന്ദ്ര ബാങ്കുകൾ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്ക് ഈ തീരുമാനം കർക്കശമായി നടപ്പിലാക്കുന്നത്.

20 വർഷങ്ങൾക്ക് മുൻപ് വായ്പകൾ ലഭിക്കുന്നത് എളുപ്പമായിരുന്നില്ല എന്നാൽ  ഇപ്പോൾ അതല്ല അവസ്ഥ. എളുപ്പത്തിൽ ലഭിക്കുന്ന വായ്പ തിരിച്ചടവ് മുടങ്ങുമ്പോഴാണ് കമ്പനിയും , സാമ്പത്തിക മേഖലയും പതുക്കെ തകർച്ചയിലേക്ക് നീങ്ങി തുടങ്ങുന്നത്. 

ബാങ്കുകളെ ചേർത്തു പിടിക്കും

ഫിൻ ടെക് കമ്പനികൾ ഗ്രാമ പ്രദേശങ്ങളിലും , യുവ ജനങ്ങൾക്കിടയിലും വളരെ ജനപ്രിയരാണ്. വായ്പ കൊടുക്കുമ്പോൾ ഏറ്റവും  കുറഞ്ഞ രേഖകൾ മാത്രം മതിയെന്ന കാര്യമാണ് ഫിൻ ടെക് കമ്പനികളിലേക്ക് സാധാരണക്കാരെ ആകർഷിക്കുന്നത്. ബാങ്കുകളുടെ നിലനിൽപ്പിനെ പോലും ഫിൻ ടെക് കമ്പനിയുടെ വളർച്ച തടസ്സപ്പെടുത്തുന്നതില്‍ റിസർവ് ബാങ്കിന് ആശങ്കയുണ്ട്. റിസർവ് ബാങ്കിന്റെ പുതിയ വ്യക്തിഗത വായ്പ  നയങ്ങൾ മൂലം ബാങ്കുകളേക്കാൾ പ്രശ്നമുണ്ടാകുക ഫിൻ ടെക് കമ്പനികൾക്കായിരിക്കും. ബാങ്കുകളെ ഏതുവിധേനയും സംരക്ഷിക്കാനും റിസർവ് ബാങ്ക് ജാഗ്രത പുലർത്തും. റിസർവ് ബാങ്കിന്റെ  പുതിയ നയങ്ങൾ മൂലം ഫിൻ  ടെക് കമ്പനികൾക്ക് ബാങ്കുകളേക്കാൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ കൊടുക്കാൻ സാധിക്കുകയില്ല. ഇത് ഫിൻ ടെക്  കമ്പനികളുടെ  നിലനിൽപ്പിനെ ചോദ്യം ചെയ്യും. റിസർവ് ബാങ്ക് കർശന നയങ്ങൾ ഭാവിയിലും തുടരാൻ തീരുമാനിച്ചാൽ ഇത് ഫിൻ  ടെക്  കമ്പനികളുടെ ഓഹരികളെയും മോശമായി ബാധിക്കാൻ ഇടയുണ്ട്. 

English Summary:

RBIs New Directions Regarding Personal Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com