ADVERTISEMENT

വൈദ്യുതി ബില്ലടക്കമുള്ള വിവിധ യൂട്ടിലിറ്റി ബില്ലുകൾ നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണോ അടയ്ക്കുന്നത്. എങ്കിൽ ശ്രദ്ധിക്കുക, ചില ബാങ്കുകൾ ഇത്തരം പേയ്മെന്റുകൾക്ക് നിശ്ചിത പരിധി തീരുമാനിച്ചിട്ടുണ്ട്. മെയ് മുതൽ ഈ പരിധിമേലുള്ള ബില്ലുകൾക്ക് അധിക തുക ഫീസ് ആയി ഈടാക്കും. നിശ്ചിത പരിധിക്കുമേലുള്ള ബില്ലുകളിൽ അടയ്ക്കുന്ന തുകയുടെ ഒരു ശതമാനം ഫീസും ആ ഫീസിന് 18 ശതമാനം ജിഎസ്ടിയും നൽകണം.

അതായത് പരിധിക്ക് ശേഷം 2000 രൂപ വൈദ്യുത ബില്ല് ക്രെഡിറ്റ് കാർഡ് വഴി അടച്ചാൽ 20 രൂപ ഫീസും 3.6 രൂപ ജിഎസ്ടിയും നൽകണം. ഐഡിഎഫ്സി ഫസറ്റ് ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ് നിലവിൽ ഈ ഫീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ ബാങ്കുകൾ ക്രെഡിറ്റ് കാർഡിൽ ഇത്തരത്തിലൊരു നീക്കവുമായി എത്തുമോ എന്നതാണ് അറിയാനുള്ളത്.

ഈ രണ്ടു ബാങ്കുകളും ഒരു പേയ്മെന്റ് സൈക്കിളിൽ യൂട്ടിലറ്റി ബില്ലുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. യെസ് ബാങ്കിൽ 15,000 രൂപ വരെയുളള ബിൽ പേയ്മെന്റിന് ഫീസ് ഈടാക്കില്ല. അതിനു മുകളിൽ മുകളിൽ തുക വന്നാലേ ഒരു ശതമാനം ഫീസ് ഈടാക്കൂ. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ കാര്യത്തിൽ ഈ പരിധി 20,000 രൂപയാണ്.

എന്തുകൊണ്ട് ഫീസ്? 

ക്രെഡിറ്റ് കാർഡ് യൂട്ടിലിറ്റി ബിൽ പേയ്മെന്റുകളിൽ ബാങ്കുകൾക്ക് കുറഞ്ഞ ഇന്റ‍ർചേയ്ഞ്ച്/എംഡിആർ (മർച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ്) ആണ്. ഗ്രോസറി, ട്രാവൽ തുടങ്ങിയ വിവിധ കാറ്റഗറികളിലെ പേയ്മെന്റുകൾക്ക് എംഡിആർ വ്യത്യസ്തമാണ്. യൂട്ടിലിറ്റി ബിൽ പേയ്മെന്റിനു മറ്റു വിഭാഗങ്ങളേക്കാൾ എംഡിആർ ചാർജ് കുറവാണ്. കൂടാതെ പേയ്മെന്റ് ഗേറ്റ്‍വേ സേവനദാതാക്കൾ എംഡിആർ ചാർജിൽ ഇളവുകളും നൽകാറുണ്ട്. അതിനാൽ യൂട്ടിലിറ്റി ബില്ലുകളിൽ ബാങ്കിനു കാര്യമായ നേട്ടം ഇല്ല. മാത്രമല്ല ഓഫറുകൾ കൂടുതലുള്ളതിനാൽ ബിസിനസുമായി ബന്ധപ്പെട്ട യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനും വ്യക്തിഗത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചത്.

creditcardpayment

 പക്ഷേ ക്രെഡിറ്റ് കാർഡ് പേയ്മെന്റിനു ഏർപ്പെടുത്തുന്ന ഈ അധിക ഫീസ് സാധാരണക്കാരെ ബാധിക്കാൻ സാധ്യത കുറവാണ്. ഒരു ഇടത്തരം കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു മാസത്തെ യൂട്ടിലിറ്റി ബില്ലുകൾ 15,000 – 20,000 രൂപ പരിധിയിൽ ഒതുങ്ങും. അതിനാൽതന്നെ ഫീസ് നൽകേണ്ടി വരില്ല.

എങ്ങനെ ഫീസ് ഒഴിവാക്കാം?

ഒരു ബിൽ സൈക്കിളിൽ യൂട്ടിലിറ്റി ബില്ലുകളുടെ മൊത്തം തുക 20,000 രൂപയിൽ കൂടാതെ സൂക്ഷിക്കാം. അങ്ങനെ കൂടുമെങ്കിൽ, പരിധിക്കുശേഷം മറ്റ് പേയ്മെന്റ് ഓപ്ഷനുകൾ പരിഗണിക്കാം. ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ ആപ്പുകൾ എന്നിവയിൽ യൂട്ടിലിറ്റി പേയ്മെന്റുകൾക്ക് യാതൊരുവിധ ചാർജും ഈടാക്കുന്നില്ല.

English Summary:

Paying utility bills with credit card to become less attractive from 1 May

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com