ADVERTISEMENT

ഫേസ്ബുക്ക്/ ഇൻസ്റ്റാ അക്കൗണ്ടൊന്നുമല്ല, ചെക്ക്ബുക്കും എടിഎം കാർഡും നെറ്റ്ബാങ്കിങും ഒക്കെയുള്ള ഉശിരൻ ബാങ്ക് അക്കൗണ്ടിനാണ് ഇപ്പോൾ ആവശ്യക്കാരുള്ളത്.

ചുമ്മാ കൊടുക്കണ്ട, നല്ല വാടക കിട്ടും. കൂടാതെ ഓരോ ഇടപാടിന് അഞ്ചുമുതൽ പത്തു ശതമാനം വരെ കമ്മീഷനും!

ഇങ്ങനൊക്കെ നടക്കുമോ എന്നായിരിക്കും മിക്കവർക്കും തോന്നുക.

പക്ഷേ, സംഗതി വാസ്തവമാണ്.

ഏതെങ്കിലും ബാങ്കിൽ നമ്മൾ ഒരക്കൗണ്ട് തുടങ്ങി എടിഎം കാർഡും ചെക്ക്ബുക്കും മറ്റും ആവശ്യക്കാർക്കു നൽകുകയേ വേണ്ടൂ, മാസം പതിനയ്യായിരം രൂപ വരെ വാടക ലഭിക്കും. വാടകയ്ക്കു പുറമെ, അക്കൗണ്ടിലൂടെ നടത്തുന്ന ഓരോ ഇടപാടിനും നിശ്ചിത ശതമാനം കമ്മീഷൻ നൽകുന്നവരുമുണ്ട്.

bankaccount2

അക്കൗണ്ടിൽ വരുന്ന തുക, നിശ്ചിത കമ്മീഷൻ കിഴിച്ച് തങ്ങൾ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചുകൊടുത്താൽ മതി എന്ന സംവിധാനം ഏർപ്പാടാക്കിയവരുമുണ്ട്. ചെക്ക്ബുക്കോ എടിഎം കാർഡോ ഒന്നും ഇക്കൂട്ടർക്കു വേണ്ട.

ഇങ്ങനെ സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങി, വാടകയോ കമ്മീഷനോ കൈപ്പറ്റി മറ്റാർക്കെങ്കിലും ഉപയോഗിക്കാൻ കൊടുക്കുന്ന അക്കൗണ്ടുകളെ മ്യൂൾ അക്കൗണ്ട് എന്നാണു പറയുന്നത്. 

വാടകയ്ക്ക് കൊടുത്താൽ എന്താണ് പ്രശ്നം?

സ്വന്തം പണം നിക്ഷേപിക്കാനും ഉപയോഗിക്കാനുമാണല്ലോ ഒരാൾ അക്കൗണ്ട് തുടങ്ങുന്നത്. അതുകൊണ്ടുതന്നെ അക്കൗണ്ടിലൂടെയുള്ള പണമിടപാടിന്റെ പൂർണ ഉത്തരവാദിത്തം അക്കൗണ്ട് ഉടമയ്ക്കു തന്നെയാണ്. നിയമപരമായി നമ്മുടേതല്ലാത്ത പണം നമ്മുടെ അക്കൗണ്ടിലൂടെ കൈമാറുകയാണെങ്കിൽ നിയമലംഘനത്തിന് നമ്മൾ കൂട്ടു നിൽക്കുന്നു എന്നർഥം.

bankaccount1

പക്ഷേ ഇതിനുമപ്പുറമാണ് പ്രധാന പ്രശ്നം.  സ്വന്തം അക്കൗണ്ടു വഴിയാണ് ഇടപാടു നടത്തുന്നതെങ്കിൽ വാടകയും കമ്മീഷനും മറ്റും ലാഭിക്കാമായിരുന്നിട്ടും എന്തിനാണ് ചിലർ അക്കൗണ്ട് വാടകയ്ക്കെടുക്കുന്നതെന്ന് ചികയുമ്പോഴാണ് ആ പ്രശ്നം മനസിലാവുന്നത്.

അതായത്, നിയമവിരുദ്ധമായ പണമിടപാടുകൾ നടത്താനാണ് വാടകയ്ക്കെടുക്കുന്ന അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്.

എന്തൊക്കെയാണ് നിയമവിരുദ്ധമായ പണമിടപാടുകൾ?

സൈബർ തട്ടിപ്പു നടത്തിക്കിട്ടുന്ന തുക തന്നെയാണ് ഇത്തരം ഇടപാടുകളിൽ മുന്നിൽ നിൽക്കുന്നത്. അതായത്, ഒടിപി പങ്കുവച്ചോ മറ്റോ ഇരകളുടെ അക്കൗണ്ടിൽ നിന്നു തട്ടിക്കുന്ന തുക വാടകയ്ക്കെടുത്ത അക്കൗണ്ടിലേക്കായിരിക്കും മാറ്റുക. ആ അക്കൗണ്ടിൽ നിന്ന് മറ്റു പല അക്കൗണ്ടുകളിലേയ്ക്ക് മാറ്റും. അങ്ങനെ മൂന്നാലു തവണ പല അക്കൗണ്ടുകളിലൂടെ കയറ്റിയിറക്കി അവസാനം എടിഎം വഴിയോ ക്രിപ്റ്റോ ആക്കിയോ ഒക്കെ കൈക്കലാക്കും.

ആരോ തട്ടിപ്പു നടത്തിയതിന് അക്കൗണ്ട് ഉടമ കുറ്റക്കാരനാവുമോ?

തീർച്ചയായും. തട്ടിപ്പു നടത്തിക്കിട്ടിയ തുക അക്കൗണ്ട് വഴി കൈമാറാൻ കൂട്ടുനിന്നു എന്നതാണ് ഉടമ ചെയ്ത കുറ്റം. അതുകൊണ്ടുതന്നെ വാടകയ്ക്കു കൊടുത്ത അക്കൗണ്ട് മാത്രമല്ല സ്വന്തം പേരിലുള്ള എല്ലാ അക്കൗണ്ടുകളും മരവിക്കപ്പെട്ടേക്കാം. നിയമനടപടികൾ നേരിടേണ്ടിയും വന്നേക്കാം.

ബാങ്കുകാർക്ക് ഇതിലൊന്നും ചെയ്യാൻ കഴിയില്ലേ?

ഇടപാടുകാരെ ബോധവൽക്കരിക്കുക എന്നതാണ് ബാങ്കുകൾ പ്രധാനമായും ചെയ്യുന്നത്. കൂടാതെ, സംശയാസ്പദമായ തരത്തിൽ അക്കൗണ്ടിൽ ഇടപാടു നടക്കുന്നതായി കണ്ടാൽ പോലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളെ അറിയിക്കുന്നുമുണ്ട്.

എന്നിട്ടും ആളുകൾ വാടകയ്ക്ക് അക്കൗണ്ട് കൊടുക്കുന്നു...

അതെ. അൽപ്പം പോക്കറ്റ് മണിയുണ്ടാക്കാമല്ലോ എന്ന ചിന്തയിൽ ചെറുപ്പക്കാരാണ്  പ്രധാനമായും ഇക്കൂട്ടരുടെ വലയിൽ വീഴുന്നത്. വിഷയത്തിന്റെ ഗൗരവം മനസിലാവാത്തതു കൊണ്ടോ ഒരൽപം റിസ്കൊക്കെ ആവാം എന്ന ആവേശത്തിലോ ഒക്കെയാവാം ഇങ്ങനെ ചെയ്യുന്നത്.

ചുരുക്കിപ്പറഞ്ഞാൽ...?

ബാങ്ക് അക്കൗണ്ട് മറ്റാരുടേയും ഉപയോഗത്തിനു കൊടുക്കരുത്. അക്കൗണ്ടിലൂടെ സ്വന്തം പണം മാത്രം ഇടപാടു നടത്തുക.

ഓർക്കുക, അഞ്ചുപൈസ പോലും വാടക കൊടുക്കേണ്ടാത്ത, മട്ടൻ ഉൾപ്പെടെയുള്ള മികച്ച ഭക്ഷണം സൗജന്യമായി കിട്ടുന്ന  ഇടത്തേക്കുള്ള വിസയാണ് അക്കൗണ്ട് വാടകയ്ക്കു കൊടുക്കുന്നവരെ കാത്തിരിക്കുന്നത്.

English Summary:

Know More About Mule Bank Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com