237 കോടി രൂപ ചെലവിൽ ഗ്രാഫീൻ ഉൽപാദന പദ്ധതി
Mail This Article
തിരുവനന്തപുരം∙ ഗ്രാഫീൻ ഉൽപാദനത്തിനായി 237 കോടി രൂപ ചെലവിൽ പൈലറ്റ് പ്രൊഡക്‌ഷൻ ഫെസിലിറ്റി സംവിധാനം പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം. കേരള ഡിജിറ്റൽ സർവകലാശാലയാണ് നിർവഹണ ഏജൻസി. അടിസ്ഥാനസൗകര്യം ഒരുക്കാൻ കിൻഫ്രയെ പ്രത്യേക ഉദ്ദേശ്യ കമ്പനി ആയി നിയോഗിച്ചു. പദ്ധതിക്കു കിഫ്ബിയിൽ നിന്നു വായ്പ തേടാൻ നിർദേശം തയാറാക്കാനും ആഗോള താൽപര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടാനും ഡിജിറ്റൽ സർവകലാശാലയ്ക്ക് അനുമതി നൽകി. പദ്ധതിക്കായി ഡിജിറ്റൽ സർവകലാശാലയുടെ അധ്യക്ഷതയിൽ വ്യവസായ, ഐടി വകുപ്പുകളുടെയും കിൻഫ്രയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി മാനേജിങ് കമ്മിറ്റി രൂപീകരിക്കും. ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന ഗ്രാഫീൻ ഉൽപന്നങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കലാണു ലക്ഷ്യം. യുകെയിലെ മാഞ്ചസ്റ്റർ, ഓക്സ്ഫഡ്, ജർമനിയിലെ സീഗൻ സർവകലാശാലകളുമായി നേരത്തെ ഡിജിറ്റൽ സർവകലാശാല ഗവേഷണത്തിനായി ധാരണാപത്രം ഒപ്പുവച്ചിരുന്നു.
കട്ടി കുറഞ്ഞതും കൂടുതൽ ചാലകശക്തിയുള്ളതുമായ ഗ്രാഫീൻ ‘ഭാവിയുടെ പദാർഥം ’ എന്നാണറിയപ്പെടുന്നത്. ഗ്രാഫീനുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ വലിയ ഗവേഷണങ്ങളാണ് നടക്കുന്നുണ്ട്.