രാജ്യം ഉപഗ്രഹ ഇന്റർനെറ്റ് യുഗത്തിലേക്ക്
Mail This Article
ന്യൂഡൽഹി∙ 5ജി കണക്ടിവിറ്റിക്കു പിന്നാലെ രാജ്യം ഉപഗ്രഹ ഇന്റർനെറ്റ് യുഗത്തിലേക്ക് ചുവടുവയ്ക്കുന്നു. രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റിന്റെ ആദ്യ ട്രയൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബും ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) വേദിയിൽ അവതരിപ്പിച്ചു.
ഐഎംസി വേദിയിൽ ട്രയൽ നടത്തുന്നതിനായി ടെലികോം വകുപ്പ് ഇരുകമ്പനികൾക്കും ഇന്റർനെറ്റ് സ്പെക്ട്രം അനുവദിച്ചിരുന്നു. ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയും ടെലികോം ടവറുകളും ഇല്ലാത്ത വിദൂരമായ സ്ഥലങ്ങളിൽ പോലും ഉപഗ്രഹങ്ങളിൽ നിന്ന് ഉയർന്ന വേഗമുള്ള ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് മെച്ചം.
സാറ്റലൈറ്റ് ഇന്റർനെറ്റ് സംബന്ധിച്ച് സർക്കാർ ചട്ടങ്ങൾ വൈകാതെ കൊണ്ടുവരും. ഇതിനു ശേഷമാകും പൂർണതോതിൽ സേവനം ലഭ്യമാവുക. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നത്.
ജിയോ സ്പേസ് ഫൈബർ
ലക്സംബർഗ് കേന്ദ്രമായ എസ്‍ഇഎസ് എന്ന ഉപഗ്രഹ കമ്പനിയോടെ സഹകരണത്തോടെ രാജ്യത്ത് നാലിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനം ആരംഭിച്ചു. ഛത്തീസ്ഗഡിലെ കോർബ, ഒഡീഷയിലെ നബ്‍രങ്പുർ, അസമിലെ ജോർഹാത്, ഗുജറാത്തിലെ ഗിർ വനം എന്നിവിടങ്ങളിലാണ് പരീക്ഷണം. ഗിർ വനത്തിൽ സെക്കൻഡിൽ 1.1 ജിബി ഡൗൺലോഡിങ് സ്പീഡ് ആണ് ലഭിച്ചത്. അപ്‍ലോഡ് സ്പീഡ് 410 എംബിപിഎസ്. ആന്ധ്രയിലെ കടപ്പയിലാണ് പ്രധാന ഹബ് (ഗേറ്റ്‍വേ). ഭൂമിയിൽ നിന്ന് 8,063 കിലോമീറ്റർ അകലത്തിലുള്ള എസ്ഇഎസിന്റെ 20 മീഡിയം എർത്ത് ഓർബിറ്റ് (മിയോ) ഉപഗ്രഹങ്ങളാണ് ജിയോ ആശ്രയിക്കുന്നത്.
വൺവെബ്
ഭൂമിയോട് വളരെ ചേർന്നുള്ള ഭ്രമണപഥത്തിലുള്ള (ഏകദേശം 1,200 കിലോമീറ്റർ അകലെ) 648 ലോ എർത്ത് ഒർബിറ്റ് (ലിയോ) ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണ് ഇന്റർനെറ്റ് നൽകുന്നത്. ഡിസംബറിൽ രാജ്യമാകെ പരീക്ഷണം ആരംഭിക്കുമെന്ന് ഭാരതി എന്റർപ്രൈസസ് സ്ഥാപകൻ സുനിൽ മിത്തൽ വ്യക്തമാക്കി. അടുത്ത വർഷത്തോടെ സേവനം പൂർണതോതിൽ ലഭ്യമാകും. 195 എംബിപിഎസ് ഡൗൺലോഡ് സ്പീഡും 32 എംബി അപ്‍ലോഡ് സ്പീഡും ലഭിക്കുന്നുണ്ട്. സോളർ വൈദ്യുതിയിലും പ്രവർത്തിക്കുന്നതിനാൽ എവിടെ വേണമെങ്കിലും കൊണ്ടുപോയി പ്രവർത്തിപ്പിക്കാം.