ഒരു വർഷം കൂടി ‘വർക്ഫ്രം ഹോം’ തുടരാം
Mail This Article
ന്യൂഡൽഹി∙ പ്രത്യേക സാമ്പത്തിക മേഖലയിൽ (എസ്ഇസെഡ്) പ്രവർത്തിക്കുന്ന ഐടി കമ്പനികൾക്ക് 2024 ഡിസംബർ 31 വരെ വർക് ഫ്രം ഹോം തുടരാൻ കേന്ദ്രം അനുമതി നൽകി. ഇക്കൊല്ലം ഡിസംബറിൽ തീരേണ്ട സമയപരിധിയാണ് നീട്ടിയത്. 2006ലെ എസ്ഇസെഡ് ചട്ടങ്ങളിൽ ഇതുസംബന്ധിച്ച് ഭേദഗതി വരുത്തി.
പരമ്പരാഗതമായി എസ്ഇസെഡ് മേഖലകളിൽ വർക് ഫ്രം ഹോം അനുവദിക്കാറില്ല. എസ്ഇസെഡ് ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനായിരുന്നു ഇത്. കോവിഡിനെത്തുടർന്നാണ് വർക് ഫ്രം ഹോം അനുവദിച്ചു തുടങ്ങിയത്.
ഏത് സമയത്തും കമ്പനികൾക്ക് വർക് ഫ്രം ഹോം രീതി അവലംബിക്കാം. 100% ജീവനക്കാർക്കും വർക് ഫ്രം ഹോം ആവശ്യമെങ്കിൽ നൽകാം.
കേരളത്തിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കമ്പനികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ഉദാഹരണത്തിന് തിരുവനന്തപുരം ടെക്നോപാർക്കിലെ ആകെ 374.45 ഏക്കറിൽ 165.12 ഏക്കറും എസ്ഇസെഡ് ആണ്. ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിൽ മാത്രം 127.1 ഏക്കറാണ് എസ്ഇസെഡ്.