ADVERTISEMENT

കോട്ടയം ∙ സാങ്കേതിക രംഗത്ത് ഇന്ത്യയ്ക്കു വൻ സാധ്യതകളാണുള്ളതെന്നും 2 ദശകത്തിനുള്ളിൽ രാജ്യം സാമ്പത്തികരംഗത്തു കുതിച്ചുചാട്ടം നടത്തുമെന്നും എസ്എപി ചീഫ് മാർക്കറ്റിങ് ആൻഡ് സൊല്യൂഷൻസ് ഓഫിസറും നി‍ർമിത ബുദ്ധി രംഗത്തെ വിദഗ്ധനുമായ ജോൺ ജോർജ് ചിറപ്പുറത്ത് പറഞ്ഞു. മൈക്രോസോഫ്റ്റ് അഷ്വറിൽ വൈസ് പ്രസിഡന്റായിരുന്ന ജോൺ 2 വ‍ർഷം മുൻപാണ് എസ്എപിയിൽ ചേ‍ർന്നത്. 

ഇന്ത്യയിലെ സാധ്യത തിരിച്ചറിഞ്ഞ് എസ്എപി ബെംഗളൂരുവിൽ ലാബ് തുടങ്ങി. വൻ സാങ്കേതിക പ്രദർശനമായ ‘ടെക് എഡ്’ നടത്തി. സോഫ്റ്റ്‌വെയർ ഡവലപ്പർമാരും ഡേറ്റ സയന്റിസ്റ്റുകളും ഇന്ത്യയിലാണു കൂടുതൽ. കേരളത്തിലെ പുതുതലമുറയ്ക്കു വൻ സാധ്യതയുണ്ട്. നിർമിതബുദ്ധി മേഖലയിൽ കടൽപോലെ അവസരങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡേറ്റ ജാഗ്രതയോടെ

വിവിധ രംഗങ്ങളിൽ നിർമിതബുദ്ധിയുടെ വികസനമാണു ബെംഗളൂരുവിലെ എസ്എപി ലാബിൽ നടത്തുന്നത്. ബിസിനസ് ഡേറ്റയുടെ സ്വകാര്യത സൂക്ഷിക്കും. ഡേറ്റ കൈകാര്യം ചെയ്യാൻ അനുമതി തന്നിട്ടുള്ള 18,000 വമ്പൻ കമ്പനികൾ എസ്എപിക്കുണ്ട്. ഡേറ്റ സംബന്ധിച്ച ധാർമികത സംരക്ഷിക്കാൻ വക്കീലും സാങ്കേതിക വിദഗ്ധരും ഉൾക്കൊള്ളുന്ന എത്തിക്സ് ബോർഡ് ഒന്നിടവിട്ട ദിവസങ്ങളിൽ യോഗം ചേരും. 

നിർമിത ബുദ്ധി ജോലി കളയില്ല

നിർമിതബുദ്ധി തൊഴിൽ അവസരങ്ങൾ കളയില്ലെന്നു മൈക്രോസോഫ്റ്റിൽ ഓപ്പൺ എഐ ആദ്യം നടപ്പാക്കിയവരിൽ ഒരാളായ അദ്ദേഹം പറഞ്ഞു. ജീവിതം ആയാസരഹിതമാക്കാനും സമയം ലാഭിക്കാനും നിർമിതബുദ്ധി സഹായിക്കും. മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഇതു വികസിപ്പിക്കാൻ സാങ്കേതിക പരിജ്ഞാനം ഉള്ള മനുഷ്യർ വേണം.

അരലക്ഷം ഡോളറുമായി തുടക്കം

20 വർഷം മുൻപ് അരലക്ഷം ഡോളർ നിക്ഷേപത്തിൽ ഷിക്കാഗോ സർവകലാശാലയിലെ 2 കൂട്ടുകാരുമായി ചേർന്നാണു സർവക എന്ന ഹാർഡ്‌വെയർ കമ്പനി തുടങ്ങിയത്. മറ്റുള്ളവരെ കരുതലോടെ കേൾക്കണം എന്ന മുത്തശ്ശി സാറാമ്മ ജോൺ (മാർത്തോമ്മാ സഭയിലെ വൈദികൻ സി.വി.ജോണിന്റെ പത്നി) നൽകിയ പാഠമാണ് സർവക എന്ന പേരിനു പിന്നിൽ. മറുനാട്ടുകാരുടെ ഉച്ചാരണ സൗകര്യത്തിനു ‘സർവെഗാ’ ആയി. ആമസോൺ ഏറ്റവും വലിയ ഉപയോക്താവായി. 30 ദശലക്ഷം ഡോളർ മൂലധനത്തിലെത്തിയപ്പോൾ കമ്പനി ഇന്റൽ ഏറ്റെടുത്തു. 

ശക്തനായിരിക്കുക, മുന്നോട്ടു പോവുക എന്നതാണു മാതാപിതാക്കളായ സാറാ ജോർജും സി.ജോർജ് ജോണും തന്ന ഉപദേശം. ബെംഗളൂരു ബിഎംഎസ് കോളജിൽ കംപ്യൂട്ട‌ർ സയൻസിൽ ബിരുദവും അമേരിക്കയിലെ മെരിലാൻഡ് സ‍ർവകലാശാലയിൽ മാസ്റ്റ‍‍ർ ബിരുദവും നേടി. സാങ്കേതിക സംരംഭകരായി വരുന്നവരെ പിന്തുണയ്ക്കാൻ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ ചിറപ്പുറത്ത് ഫാമിലീസ് സ്കോളർഷിപ് ഫണ്ട് വർഷം തോറും നൽകുന്നു.

English Summary:

Data Science, Artificial Intelligence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com